ട്രംപിന്റെ എഐ ഉപദേശകനായി ചെന്നൈ സ്വദേശി

Spread the love

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പോളിസി ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ ശ്രീറാം കൃഷ്ണനെ നിയമിച്ചു.

‘ എഐയില്‍ അമേരിക്കയുടെ മുന്‍തൂക്കം ഉറപ്പാക്കുന്നതില്‍ ശ്രീറാം കൃഷ്ണന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗവണ്‍മെന്റിലുടനീളം എഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും സഹായിക്കുകയും ചെയ്യും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്‌സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക’- സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

പുതിയ ജോലിയില്‍ കൃഷ്ണന്‍ പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ശ്രീറാം കൃഷ്ണന്‍ ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ചെന്നൈയില്‍ ജനിച്ച കൃഷ്ണന്‍ ഇന്ത്യയില്‍ ബിരുദപഠനത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്. കൃഷ്ണന്‍ മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യാഹൂ, ഫെയ്സ്ബുക്ക്, സ്നാപ്പ് തുടങ്ങിയ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2022ല്‍, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പ്ലാറ്റ്‌ഫോം ഏറ്റെടുത്തതിനെത്തുടര്‍ന്ന് ട്വിറ്ററിന്റെ പുനഃസംഘടനയിലും കൃഷ്ണന്‍ പങ്കുവഹിച്ചിട്ടുണ്ട്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ്, പോഡ്കാസ്റ്റര്‍, എഴുത്തുകാരന്‍ എന്നി നിലകളിലും പ്രശസ്തനാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *