തൃശൂർ ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്തിന് തുടക്കമായി
സംസ്ഥാന സർക്കാറിന്റെ തൃശൂർ ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് ഇന്ന് കൊടുങ്ങല്ലൂർ താലൂക്കിൽ. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരസഭാ ടൗൺ ഹാളിലാണ് അദാലത്ത്. സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് അദാലത്തുകളിൽ മുൻഗണനയെന്ന് മന്ത്രിമാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജനാണ് അദാലത്ത് ഉദ്ഘാടനം ചെയ്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അദാലത്തിൽ ലഭിച്ച പരാതികൾ റവന്യൂ മന്ത്രി കെ രാജൻ്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെയും നേതൃത്തിൽ പരിശോധിച്ചു. തുടർന്ന് അതാത് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി പരിഹാരത്തിനായി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സാധാരണക്കാരായ പരമാവധി ആളുകളെ നേരിൽ കണ്ട് പരാതികൾ പരിഹരിക്കുകയാണ് താലൂക്ക് തല അദാലത്തുകളുടെ ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു.
കൊടുങ്ങല്ലൂർ താലൂക്ക് തലത്തിലുള്ള കരുതലും കൈത്താങ്ങും അദാലത്തിലേക്ക് 142 പരാതികളാണ് ലഭിച്ചിരുന്നത്. ഈ പരാതികളിൽ നടപടി സ്വീകരിച്ചതു കൂടാതെ റേഷൻ കാർഡിനായി കാത്തിരുന്ന 11 പേർക്ക് റേഷൻ കാർഡുകളും, പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരുന്ന പത്തോളം പേർക്ക് പട്ടയങ്ങളും വിതരണം ചെയ്തു. എംഎൽഎ മാരായ വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നൽകി.