കോൺഗ്രസ്സിന്റെ ഒരേയൊരു ലീഡർ,,കെ കരുണാകരൻ(1918 – 2010)ഓർമ…
കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഒളിമങ്ങാത്ത ചില ചരിത്ര സംഭവങ്ങളുടെ സാക്ഷിയും പങ്കാളിയുമാണ് കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ.
ഡിസൈൻ ജ്യോമിട്രി, പെയിന്റിംങ് ഫ്രീഹാൻഡ് എന്നിവയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
കാൽനൂറ്റാണ്ടിലേറെക്കാലം തുടർച്ചയായി കേരളത്തിൽ കോൺഗ്രസിന്റെ നിയമസഭാകക്ഷിനേതാവായിരിക്കാൻ അവസരം ലഭിച്ച ഏകനേതാവാണ് കരുണാകരൻ. നാലുതവണ മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
തൃശൂരിലെ മാള മണ്ഡലം 1965 ൽ നിലവിൽ വന്നശേഷം തുടർച്ചയായി (1969, 77, 79, 82, 91) കരുണാകരനാണ് അവിടെനിന്ന് വിജയിച്ചുപോന്നത്.
മുട്ടേടത്ത് നാരായണന്റെ നേതൃത്വത്തിൽ 19-ാം വയസ്സിൽ കോൺഗ്രസ് അംഗമായി.
1937ൽ തൃശൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക് ആദ്യപടിചവിട്ടി. ഹരിപുര കോൺഗ്രസിന്റെ തീരുമാനപ്രകാരം നാട്ടുരാജ്യങ്ങൾക്ക് പ്രത്യേക സംഘടനകൾ രൂപീകൃതമായപ്പോൾ 1940 ൽ രൂപംകൊണ്ട കെ.പി.സി.സിയിൽ അംഗമായി.
ഇരിങ്ങാലക്കുടയിൽ പ്രജാ മണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 1942 ൽ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിൽ കരുണാകരനുമുണ്ടായി. വിയ്യൂർ ജയിലിൽ ഒൻപത് മാസം കിടന്നു.
1944-ൽ കേരള ലേബർ കോൺഗ്രസ് രൂപംകൊണ്ടപ്പോൾ അതിന്റെ സെക്രട്ടറിയായി.
1948 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒല്ലുക്കര മണ്ഡലത്തില്‍നിന്ന് കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിറ്റെക്കൊല്ലം തിരു-കൊച്ചി നിയമസഭയിലും അംഗമായി. 52-ലും 54-ലും ആ വിജയം ആവർത്തിച്ചു. 1952-ൽ തൃശൂർ ഡി.സി.സി പ്രസിഡണ്ടായി. പിന്നീട് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗമായും പാർലമെന്ററി ബോർഡ് അംഗവുമായി. 1957-ലെ ഐക്യകേരളത്തിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
1967-ൽ അടിതെറ്റിവീഴുകയും 1969-ലും 1978-ലും പിളരുകയും ചെയ്ത കോൺഗ്രസിനെ ഒരു രാഷ്ട്രീയ ശക്തിയായി നിലനിർത്തിയതിൽ കരുണാകരൻ നിർവ്വഹിച്ച പങ്ക് ചെറുതല്ല.
നിരവധി പ്രസിഡണ്ടുമാരെയും ജനറൽ സെക്രട്ടറിമാരെയും സൃഷ്ടിച്ച അദ്ദേഹം ഒരിക്കല്‍പോലും കെ.പി.സി.സിയുടെ പ്രസിഡന്റായോ ജനറൽ സെക്രട്ടറിയായോ ഇരുന്നിട്ടില്ല.
എന്നും വിവാദങ്ങളിൽ നിന്നുനിന്ന കരുണാകരനെക്കുറിച്ച് ജനങ്ങൾ ഓർത്തിരിക്കുന്ന ഒന്ന് രാജൻ കൊലക്കേസ് ആണ്. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട രാജനെന്ന എഞ്ചിനീയറിംഗ് വിദ്യാർഥിയെ കോടതിയിൽ 24 മണിക്കൂറിനകം ഹാജരാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. അത് രാജന്റെ പിതാവായിരുന്ന ഈച്ചരവാര്യരുടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചായിരുന്നു. ഇതിനെ തുടർന്നുണ്ടായ കോടതി വിമർശനം കൊണ്ട് കരുണാകരന് രാജിവെക്കേണ്ടി വന്നു. രാജനെ പോലീസ് കസ്റ്റഡിയിൽ ഉരുട്ടി കൊന്നത് തീരാ കളങ്കമായിരുന്നു. തട്ടിൽ എസ്റ്റേറ്റ് സൂപ്രണ്ട് ജോണിനെ കൊലപ്പെടുത്തിയ കേസിലും കരുണാകരൻ പ്രതിയായി. രണ്ടു മാസം ഒളിവിൽ കഴിഞ്ഞ ശേഷം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. കരുണാകരനെതിരെ പ്രഥമദൃഷ്ട്യാ കേസ് ഇല്ലെന്നായിരുന്നു പിന്നീട് കോടതിയുടെ കണ്ടെത്തൽ.
മക്കൾ രാഷ്ട്രീയം കരുണാകരനെ ഒരുപാട് താഴ്ത്തിയിട്ടുണ്ട്. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായിരുന്ന കരുണാകരൻ, ഏറ്റവുമൊടുവിൽ സ്വന്തം പാർടിയിൽനിന്ന് പുറത്തുപോയി പുതിയ പാർടി രൂപീകരിച്ചപ്പോഴും ഇന്ദിരയുടെ പേരാണ് നല്‍കിയത്- ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്. പിന്നീട് സ്വന്തം തട്ടകമായ കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങി.
കോൺഗ്രസ്സ് പാർട്ടിയുടെ രാഷ്ട്രീയ ചാണക്യനെന്നും ഭീഷ്മാചാര്യനെന്നും വിശേഷിപ്പിക്കപ്പെട്ട കെ കരുണാകരന്റെ ആത്മകഥയാണ് ‘പതറാതെ മുന്നോട്ട് ‘.