ഈ ലക്ഷണങ്ങൾ സ്ത്രീകൾ അവഗണിക്കരുത്, ഗുരുതര രോഗങ്ങളുടെ സൂചനയാണ്
ജീവിത തിരക്കുകൾക്കിടയിൽ പലപ്പോഴും സ്വന്തം കാര്യം ശ്രദ്ധിക്കാൻ സമയം കിട്ടാത്തവരാണ് സ്ത്രീകൾ. ഒരു ചെറിയ തലവേദന വന്നാൽ അത് മാറാനായി ഒരു മരുന്ന് കഴിക്കുകയും അതിനു ശേഷം വീണ്ടും അടുത്ത ജോലിയിലേക്ക് കടക്കുകയും ചെയ്യുന്നവരാണ് മിക്ക സ്ത്രീകളും. ഒരു തളർച്ച തോന്നിയാൽ അത് തിരക്ക് മൂലം തോന്നുന്നതാണെന്ന് വിചാരിക്കും. എന്നാൽ, ഈ തളർച്ചയും ക്ഷീണവും ഒന്നും വെറുതെ തോന്നുന്നതല്ല. അത് ശരീരം നമുക്ക് നൽകുന്ന അടയാളമാണ്. ഇത്തരത്തിൽ സ്ത്രീകൾ സ്ഥിരം അവഗണിക്കുന്ന ചില അടയാളങ്ങളുണ്ട്.*ആർത്തവത്തിൻ്റെ ക്രമം തെറ്റുന്നത്*ആർത്തവം ക്രമം തെറ്റി വരുന്നതിന് സ്വന്തമായ വിശദീകരണങ്ങൾ സ്ത്രീകൾക്ക് പലപ്പോഴും നൽകും. സമ്മർദ്ദം, പ്രായമാകുന്നത്. ഹോർമോണിലുണ്ടാകുന്ന മാറ്റം എന്നിങ്ങനെ നിസ്സാരമായി തള്ളിക്കളയുകയാണ് പലപ്പോഴും ചെയ്യുക. എന്നാൽ അമിതമായി ഉണ്ടാകുന്ന രക്തതസ്രാവം, രണ്ട് ആർത്തവങ്ങൾ തമ്മിലുള്ള അകലം വളരെ കുറയുകയോ, വളരെ കൂടുകയോ ചെയ്യുക, എന്നിവയെല്ലാം ഫൈബ്രോയിഡ്‌സ്, തൈറോയിഡ് പ്രശ്നം എന്നിവയുടെ ലക്ഷണമാകാം. ചിലപ്പോൾ ചില തരത്തിലുള്ള കാൻസറിന്റെ വരെ ലക്ഷണമാകാം. ശരീരത്തിൽ പുതിയതായി ഒരു മാറ്റം വരികയും അത് സാധാരണ നിലയിലേക്ക് മാറുകയും ചെയ്യുന്നില്ലെങ്കിൽ എത്രയും വേഗം ഒരു ഡോക്‌ടറെ സമീപിക്കേണ്ടതാണ്.*ശ്വസനതാളം തെറ്റുന്നത്*സ്ത്രീകളിൽ ഹൃദയാഘാതം സംഭവിക്കുന്നതിന് വലിയ ലക്ഷണങ്ങൾ ഒന്നും ആയിരിക്കില്ല വരുന്നത്. ശ്വാസത്തിന്റെ താളം തെറ്റുന്നതും ശരീരത്തിൻ്റെ പുറംഭാഗത്ത് സമ്മർദ്ദം ഏറുന്നതും താടിയെല്ലിൽ വേദന അനുഭവപ്പെടുന്നതും എല്ലാം ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം. പടിക്കെട്ടുകൾ കയറുമ്പോൾ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണിക്കേണ്ടതാണ്. എന്നാൽ, പൊതുവേ സ്ത്രീകൾ ഇത്തരം ലക്ഷണങ്ങൾ കാര്യമായി പരിഗണിക്കാറില്ല.*വയറു വീർത്തു വരുന്നത്*രാവിലെ എഴുന്നേറ്റ് പ്രാതൽ കഴിക്കുന്നതു വരെ എല്ലാം സാധാരണ പോലെ ആയിരുന്നു. എന്നാൽ, പ്രാതൽ കഴിച്ചു കഴിയുമ്പോഴേക്കും വയറ് വീർത്തു വരാൻ തുടങ്ങും. ഒട്ടുമിക്ക എല്ലാ സ്ത്രീകളിലും ഇത് സംഭവിക്കാറുണ്ട്. ആർത്തവകാലങ്ങളിൽ ഇത് സാധാരണമാണ്. കൂടാതെ സമ്മർദ്ദം വർധിക്കുമ്പോഴും ചില ഭക്ഷണങ്ങൾ കഴിക്കുന്നതും കൊണ്ടു ബ്ലോട്ടിംഗ് അഥവാ വയറു വീർത്തു വരുന്ന പ്രശ്നം ഉണ്ടാകാറുണ്ട്. എന്നാൽ, സാധാരണയിലും കൂടുതലായി ഇത്തരം സ്ഥിതിവിശേഷം കാണപ്പെടുകയോ നിർബന്ധമായും ചികിത്സ തേടേണ്ടതുണ്ട്. ചിലപ്പോൾ ഇത് ഒവേറിയൻ ക്യാൻസറിന്റെ ലക്ഷണമാകാം.*സ്‌ഥിരമായി അനുഭവപ്പെടുന്ന ക്ഷീണം* എല്ലാ സമയത്തും ക്ഷീണം അനുഭവപ്പെടാറുണ്ടോ? ജോലിത്തിരക്ക് കാരണം ചിലപ്പോൾ ഉറങ്ങാൻ വൈകുന്നത് ക്ഷീണം ഉണ്ടാക്കിയേക്കാം. എന്നാൽ, എട്ടു മണിക്കൂർ ഉറങ്ങിയിട്ടും നിങ്ങൾക്ക് സ്ഥിരമായി ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ അത് ശ്രദ്ധിക്കണം. എത്ര വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അത് തൈറോയ്‌ഡ് പ്രശ്‌നങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. കൂടാതെ അനീമിയ പോലുള്ളവയും ഇതിന് കാരണമായേക്കാം. ക്ഷീണം തോന്നുന്നത് സാധാരണമാണെന്ന് പറയാൻ വരട്ടെ. ഒരു കാരണവുമില്ലാതെ 24 മണിക്കൂറും ശരീരത്തിന് ക്ഷിണം തോന്നുകയില്ല.മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം അറിവ് പകരുവാൻ മാത്രമുള്ളതാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ നിർബന്ധമായും ഡോക്ടറെ സമീപിക്കുക.