ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ച് ചൈനയിലേക്ക് പോകുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഏപ്രിലില്‍ ബീജിങ് സന്ദര്‍ശിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ഷിയുമായി (ഷി ജിൻപിങ്) ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. യുക്രൈന്‍-റഷ്യ സംഘര്‍ഷം, ഫെന്റനൈൽ, സോയാബീൻസ്, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരും ചര്‍ച്ച ചെയ്തു.കര്‍ഷകര്‍ക്കായി തങ്ങള്‍ മികച്ച ധാരണയിലെത്തി. അത് കൂടുതല്‍ മെച്ചപ്പെടും. ചൈനയുമായുള്ള തങ്ങളുടെ ബന്ധം ശക്തമാണ്. മൂന്നാഴ്ച മുമ്പ് ദക്ഷിണ കൊറിയയിൽ വിജയകരമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം, ധാരണകള്‍ കൃത്യമായി പുലര്‍ത്തുന്ന കാര്യത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായതായും ഇനി വലിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ട്രംപ് പറഞ്ഞു.”ഏപ്രിലിൽ ബീജിംഗ് സന്ദർശിക്കാൻ പ്രസിഡന്റ് ഷി എന്നെ ക്ഷണിച്ചു. അത് ഞാൻ സ്വീകരിച്ചു. വർഷാവസാനം അദ്ദേഹം യുഎസിൽ അദ്ദേഹം അതിഥിയായെത്തും. ഇടയ്ക്കിടെ ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ സമ്മതിച്ചു. അങ്ങനെ ആഗ്രഹിക്കുന്നു,” ട്രംപ് പറഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, തായ്‌വാൻ, വ്യാപാരം, യുക്രൈന്‍-റഷ്യ സംഘര്‍ഷം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും, സന്ദര്‍ശനം നടത്തുന്ന കാര്യം ചൈന വ്യക്തമാക്കിയിട്ടില്ല. ട്രംപും ഷീയുമായി നടത്തിയ സംഭാഷണത്തില്‍ തായ്‌വാൻ വിഷയം ചര്‍ച്ച ചെയ്തതിനൊപ്പം, യുക്രൈനില്‍ സമാധാന കരാര്‍ വരുമെന്ന് ഷി പ്രത്യാശ പ്രകടിപ്പിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.ചൈനയും ജപ്പാനും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് നയതന്ത്രശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപും ഷിയും ഫോണ്‍ സംഭാഷണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

