രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും

Spread the love

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. രാഷ്ട്രപതിയുടെ യാത്രയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ മാറ്റം. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒമ്പതുമണിക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലി പാഡിൽ ഇറങ്ങി റോഡ് മാർഗമാണ് പമ്പയിലേക്ക് പോകുക. രാവിലെ 11.50ന് സന്നിധാനത്തിൽ എത്തും.നേരത്തെ നിലക്കലിൽ ഇറങ്ങും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ മാറ്റം വന്നത്. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറുക. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാം പടി കയറി ദർശനം നടത്തും. രാഷ്ട്രപതിയുടെ ദർശനം കഴിഞ്ഞ് നിലക്കല്ലിൽ നിന്ന് മടങ്ങിയ ശേഷം ആയിരിക്കും ഭക്തരെ കടത്തിവിടുക. ശേഷം രാത്രിയോടെ തിരിച്ചു തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.ചൊവ്വാഴ്ച വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ദേഹത്തിന്റെ ഭാര്യ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവരാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. രാഷ്ട്രപതി രാജഭവനിൽ ആണ് ഇന്നലെ തങ്ങിയത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷാക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.1500 പോലീസുകാരെയാണ് സുരക്ഷ ഡ്യൂട്ടിക്കായി സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 50 വയസ്സുകഴിഞ്ഞാൽ വനിതാ പോലീസ് ഉദ്യോഗസ്ഥരും സന്നിധാനത്ത് സുരക്ഷാ ഡ്യൂട്ടിയുടെ ചുമതല നിർവഹിക്കുന്നുണ്ട്. രാഷ്ട്രപതി സന്നിധാനത്ത് എത്തുമ്പോൾ പതിനെട്ടാം പടിയുടെ മേലെ 10 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. തന്ത്രി, മേൽശാന്തി, 2 പരികർമ്മകൾ ദേവസ്വം ബോർഡ് ഭാരവാഹികൾ 3 ജീവനക്കാർ എന്നിങ്ങനെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *