വെരിക്കോസ് വെയിൻ ആണോ പ്രശ്നം? ഈ വ്യായാമങ്ങൾ പരിശീലിക്കൂ, മാറ്റം ഉറപ്പ്

Spread the love

ദീർഘനേരം നിൽക്കുമ്പോഴോ, ഇരിക്കുമ്പോഴോ കാലിൽ ഉണ്ടാകുന്ന വേദനയുടെ കാരണമെന്താകാം? തളർച്ച, ഭാരക്കൂടുതൽ എന്നിവ ആകാമെന്നാണ് എപ്പോഴും നാം കരുതാറ്. എന്നാൽ ഈ വേദനയ്ക്കു പിന്നിൽ ഒരുപക്ഷെ വെരിക്കോസ് വെയിനോ, അല്ലെങ്കിൽ വെരിക്കോസ് വെയിൻ ആരംഭ ലക്ഷണമോ ആകാം. കാലിലെ ഞരമ്പുകളിൽ ഗുരുത്വാകർഷണ വിപരീതമായി കാലിൽ നിന്നും ഹൃദയത്തിലേക്ക് രക്‌തപ്രവാഹം നടക്കുന്നതിന് സഹായിക്കുന്ന ചെറു ഫ്ലാപ്‌സിൻ്റെ ഊർജസ്വലത നഷ്‌ടപ്പെടുന്നത് കാലിൽ നിന്നും മുകൾ ഭാഗത്തേക്കുള്ള രക്‌തത്തിൻ്റെ ഒഴുക്ക് വേണ്ട രീതിയിൽ നടക്കാതെ ഞരമ്പുകളിൽ രക്‌തം തങ്ങി നിൽക്കുന്നത്തിന് കാരണമാകുന്നു. ഇത് രക്തധമനികളിൽ അധിക സമ്മർദ്ദം ചെലുത്തുകയും ഞരമ്പുകൾ വീർത്തു വരുന്നതിനും, തൊലിയുടെമേൽ തെളിഞ്ഞു കാണുന്നതിനും, കാലക്രമേണ വേദനയിലേക്കും നയിക്കുന്നു. നിത്യവും യോഗ ആസന ചെയ്യുന്നതിലൂടെ രക്തചംക്രമണം വർധിപ്പിക്കാനും, ഞരമ്പുകളിൽ ഉണ്ടാകുന്ന സമ്മർദം കുറക്കാനും, വെരിക്കോസ് എന്ന അവസ്ഥയിൽ നിന്നും മുക്‌തി നേടാനും സാധിക്കുന്നു.*1) അർധ സർവംഗാസനം/സർവംഗാസനം.*ശവാസനയിൽ നിന്നും കൈകൾ രണ്ടും ശരിരത്തോട് ചേർത്ത് നിലത്തു വിരിച്ചിരിക്കുന്ന മാറ്റിലേക് പതിച്ചു വെക്കുക, കാലുകൾ ചേർത്ത് വയ്ക്കുക. ശ്വാസം പുറത്തേക്കു വിടുന്നതോടൊപ്പം രണ്ടുകാലുകളും കാൽമുട്ട് മടക്കി തുട ഭാഗം നെഞ്ചിനോട് ചേർത്ത് വരുക. തുടർന്ന് ശരീരം റോൾ ചെയ്‌ത്‌ അരക്കെട്ട് ഉയർത്തി കൈമുട്ട് മടക്കി രണ്ടു കൈകളും അരക്കെട്ടിലേക്ക് പിടിച്ച് ബാലൻസ് ചെയ്യുക. താടിയെല്ല് കഴുത്തിന്റെയും നെഞ്ചിൻ്റെയും ഇടയിൽ ആയിരിക്കും. ശരീരഭാരം തോളിലും, കൈയുടെ മുകളിലും ആയിരിക്കും. കാൽ മുട്ട് മടങ്ങി തന്നെ ആകും സ്‌ഥിതി ചെയുക.ഒന്ന് മുതൽ രണ്ടു മിനിട്ട് വരെ ശ്വാസോച്‌ഛ്വാസം ചെയ്തു ഈ സ്‌ഥിതി തുടരാം. കാൽമുട്ട് മെല്ലെ നെഞ്ചോടു ചേർത്ത്, കയ്യിൽ ശരീരഭാരം താങ്ങി, അരക്കെട്ട് മാറ്റിലേക് കൊണ്ടുവന്ന്, ശ്വാസം ഉള്ളിലേക്ക് എടുത്ത് പൂർവസ്‌ഥിതിയിൽ വരാം.ഒന്നു മുതൽ മൂന്ന് പ്രാവശ്യം തുടർച്ചയായി ചെയ്യാവുന്നതാണ്.*സർവംഗാസനം.* മേൽപറഞ്ഞ രീതിയിൽ അരക്കെട്ടും കാൽമുട്ടുകളും നിവർത്തി, കാൽ പാദം നിവർത്തി മേൽശരീരം ലംബമായി വരുന്നു.ശരീരഭാരം തോളിലേക്ക് കേന്ദ്രീകരിക്കുന്നു.*2) താടാസനം.*ഇരു കാലുകളും ഒരടി അകലത്തിൽ വെച്ച് നട്ടെല്ല് നിവർന്നു നേരെ കാണുന്ന ബിന്ദുവിലേക്ക് നോട്ടം കേന്ദ്രീകരിച്ച് നിൽക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതോടൊപ്പാം കൈകൾ മുകളിലേക്ക് നിവർത്തി വിരലുകൾ കോർത്ത് കൈപ്പത്തി തിരിച്ചു പിടിക്കുക. കാലിന്റെ ഉപ്പുറ്റി ഉയർത്തി കാൽവിരലുകളിൽ ശരീരഭാരം താങ്ങി ശരീരം ഉയർത്തുക. ശ്വാസം പുറത്തേക്കു വിടുന്നതോടൊപ്പാം ഉപ്പൂറ്റി മാറ്റിലേയ്ക്‌ക് കൊണ്ട് വരുക. ഇത് തുടർച്ചയായി പത്തു പ്രാവശ്യം ചെയ്യാവുന്നതാണ്.*3) ഉത്കടാസനം.*കാലുകൾ രണ്ടും ഒരു അടി അകലത്തിൽ വെച്ച് നട്ടെല്ല് നിവർന്നു നിൽക്കുക. കണ്ണിനു നേരെ കാണുന്ന ബിന്ദുവിലേക് നോട്ടം കേന്ദ്രീകരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതോടൊപ്പം ഇരു കൈകളും മുന്നിലേക്ക് നിവർത്തി, കാലിൻ്റെ ഉപ്പുറ്റി (മടമ്പ്) ഉയർത്തുക. ശ്വാസം പുറത്തേക്കു വിടുന്നതോടൊപ്പം കാൽമുട്ട് മടക്കി കസേരയിൽ ഇരിക്കുന്ന രൂപത്തിൽ വരിക. തുട ഭാഗം മുളങ്കാലിന്റെ പിൻഭാഗത്തേക്ക് അമർന്നു വരണം, ശരീരഭാരം കാൽവിരലുകളിൽ ആയിരിക്കണം, കാൽ മുട്ടുകൾ സമാന്തരമായിരിക്കണം. ശ്വാസം പുറത്തേക്കു വിട്ടതിന്റെ ഇരട്ടി സമയം ശ്വാസം പിടിച്ചു വെച്ച് ഈ സ്‌ഥിതിയിൽ തുടരുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതൊടൊപ്പം കാൽമുട്ട് നിവർത്തി ശരീരം ഉയർത്തി വരുക. ശ്വാസം ഉള്ളിലേക്ക് എടുത്ത സമയത്തിന്റെ ഇരട്ടി സമയം ശ്വാസം അടക്കി ഈ സ്‌ഥിതിയിൽ തുടരുക. ശേഷം ശ്വാസം പുറത്തേക്കു വിടുന്നതൊടൊപ്പം കാലിന്റെ ഉപ്പൂറ്റി മാറ്റിലേക്ക് കൊണ്ടുവന്നു കൈകൾ താഴ്ത്തി പൂർവസ്‌ഥിതിയിലേക്ക് വരുക.*4) സഹജഭാവാസനം.*ഇരുകാലുകളും ചേർത്തുവെച്ച് മുന്നിലേക്ക് നിവർത്തി, നട്ടെല്ല് നിവർന്നു. കൈകൾ രണ്ടും തുടയുടെ വശങ്ങളിലേക്ക് വെച്ച് ഇരിക്കുക. ഇരുകാല്‌പാദങ്ങളും മുന്നിലേക്കും പുറകിലേക്കും ആവർത്തിച്ചു നിവർത്തി മടക്കുക. ഇരുകാല്‌പാദങ്ങളും മാറി മാറി പത്തു തവണ വരെ തുടർച്ചയായി ചെയ്യുക. ഇപ്രകാരം ചെയ്യുന്നത് ചെറിയ രക്തധമനികൾ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കുന്നു.*5) അർധ വിപരീതകരണി.*പ്രായമായവർക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും, ആരോഗ്യമുള്ളവർക്ക് ആണെങ്കിൽ കൂടിയും മാറ്റിൽ മലർന്നു കിടന്ന ശേഷം പൃഷ്ട‌ം ചുവരിനോട് ചേർത്ത്, ഇരുകാലുകളും ചുവരിലേക്ക് നീട്ടി നിവർത്തി വെച്ച് പത്തു മിനിറ്റ് കിടക്കാവുന്നതാണ്. ഗുരുത്വാകർഷണം മൂലം ഉണ്ടാവുന്ന രക്‌തയോട്ടം തന്നെ കാൽഞ്ഞരമ്പുകൾ റിലാക്‌സ് ആകാൻ സഹായിക്കുന്നു. സ്വഭാവികമായ ശ്വാസോച്ഛ്വാസം നടക്കുന്നതും വയറു വീർത്തു വരുന്നതു ചുരുങ്ങുന്നതും ശ്രദ്ധിച്ചു ശാന്തമായി ഈ സ്ഥിതി തുടരുക. മേൽപറഞ്ഞ ആസനങ്ങൾക്ക് ശേഷം മകരാസനയിൽ (കൈപത്തികൾ ഒന്നിനു മേലെ ഒന്നു വെച്ച് അതിന്മേൽ മുഖം വെച്ച്, കാലുകൾ അകറ്റി കമിഴ്ന്ന് കിടക്കുന്ന രീതി) വന്നു വിശ്രമിക്കാവുന്നതാണ്.*(ലേഖകർ: യോഗാ തെറാപ്പിസ്‌റ്റ്, ഇൻ്റർനാഷനൽ യോഗാ ട്രെയിനർ, പൂർണയോഗി യോഗ ആൻഡ് ലൈഫ്‌സ്‌റ്റൈൽ, തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *