വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരം നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു

Spread the love

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരം നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് പാർക്ക് നിർമ്മിക്കുക. തിരുവനന്തപുരം വികസന അതോറിറ്റി(ട്രിഡ)യുടെ നേതൃത്വത്തിൽ നഗര ഉദ്യാനമായി ആണ് സ്മാരകം നിർമ്മിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകം എന്ന പ്രത്യേകതയും ഈ പാർക്കിന് ഉണ്ട്. പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് അതിമനോഹരമായ ഈ പാർക്ക് യാഥാർത്ഥ്യമാകുന്നത്.എല്ലാ പ്രായക്കാർക്കും ഒരേപോലെ ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കുന്ന രീതിയിലാണ് പാർക്ക് ഒരുക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഉണ്ടായിരിക്കും. വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികൾക്ക് കളിക്കാനുള്ള ഇടം, ജിംനേഷ്യം, വിശ്രമിക്കുന്നതിനായി തയ്യാറാക്കിയ പുൽത്തകിടികൾകൾ, ജലധാര, ആമ്പൽ, തടാകം എന്നിവ പാർക്കിന്റെ സവിശേഷതകളാണ്.കൂടാതെ ലഘു ഭക്ഷണത്തിനായുള്ള കിയോസ്കുകൾ, പൊതുശൗചാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂറും സുരക്ഷാസംവിധാനം എന്നിവയും ഇവിടെ ഉണ്ടാകും. ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വിഎസ് അച്യുതാനന്ദന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കുന്നതായിരിക്കും. പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം 22ന് പകൽ 11 മണിക്ക് പാളയത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷ് നിർവഹിക്കുമെന്ന് ട്രിഡ ചെയർമാൻ കെ സി വിക്രമൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *