സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം ഇതുവരെ സർക്കാർ ആശുപത്രികളിൽ 2,800 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി എത്തിയത്. ഇതിൽ 877 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, മറ്റുള്ളവർ ഫലം കാത്തിരിക്കുകയുമാണ്. ഇത്തവണ ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശരാശരി 15 പേർ വീതമാണ് രോഗം ഗുരുതരമായതോടെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കായി എത്തുന്നത്.ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾക്കും, ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൊച്ചിയിൽ മാത്രം 190 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തവണ 8 മരണങ്ങളാണ് ഡെങ്കിപ്പനി മൂലം ഉണ്ടായിട്ടുള്ളത്. കാലവർഷം ശക്തി പ്രാപിച്ചതോടെ വിവിധ രോഗങ്ങൾ പടർന്ന് പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിക്ക് പുറമേ, എച്ച് 1 എൻ 1, എലിപ്പനി, വൈറൽ ഫീവർ എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടുകളും, മാലിന്യങ്ങളുമാണ് പകർച്ചവ്യാധികൾ അതിവേഗം പടരുന്നതിന്റെ പ്രധാന കാരണം. അതിനാൽ, പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.