മുതലപ്പൊഴിയിൽ അപകടം വീണ്ടും : ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന യാനം മറിഞ്ഞു
മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന യാനം മറിഞ്ഞു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ലിജുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്.അപകടം സംഭവിച്ച ഉടൻ തന്നെ മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തുകയും മൂന്നു പേരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. നെടുങ്ങണ്ട സ്വദേശി അനസ്, പൂത്തുറ തരിശ്ശ്പറമ്പ് സ്വദേശി ജിജോ, ഒറീസ സ്വദേശി വിജീഷ് തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വളളത്തിലുണ്ടായിരുന്ന മീൻ നഷ്ടപ്പെട്ടുകയും വള്ളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.