കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുക്കാർ പെരുമാതുറയിൽ തീരദേശപാത ഉപരോധിക്കുന്നു
തിരുവനന്തപുരം : കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുക്കാർ പെരുമാതുറയിൽ തീരദേശപാത ഉപരോധിക്കുന്നു. അഴൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ് കൊട്ടാരം തുരുത്തിൽ മാസങ്ങളായി കുടിവെള്ളം കിട്ടാക്കനിയായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ തീരദേശ പാതയിലെ പെരുമാതുറ ജംഗ്ഷനിൽ റോഡ് ഉപരോധിക്കുന്നത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.ജലത്താൽ ചുറ്റപ്പെട് ദ്വീപായി കിടക്കുന്ന പ്രദേശമാണ് കൊട്ടാരംതുരുത്ത്. ഓര് ജലമായതിനാൽ കിണ്ണറിലെ വെള്ളം കുടിക്കാനാവില്ല. കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻപും പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും പരിഹാരം കാണാൻ കഴിയാതെ ആയതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിന് നാട്ടുകാരാണ് കാലികുടങ്ങളുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.മാസങ്ങളായി കുടിവെള്ളം കിട്ടാതായതോടെ ഗ്രാമീണ റോഡുകൾ ഉപരോധിക്കുകയും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ വെള്ളം പൈപ്പുകളിലെത്തുമെങ്കിലും പിന്നീട് ദിവസങ്ങൾക്കുള്ളിൽ നിലക്കുന്ന സാഹചര്യമാണ്. ജില്ലാ കളക്ടർ നേരിട്ട് എത്തി ശാശ്വത പരിഹാരം ഉറപ്പുനൽകിയാൽ മാത്രമേ ഉപരോധസമരം അവസാനിപ്പിക്കൂവെന്നാണ് നാട്ടുക്കാരുടെ നിലപാട്.