സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു
മുംബൈ: സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12നാണ് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 1948 ജൂണ്‍ 10ന് ബിഹാറില്‍ ജനിച്ച സുബ്രത റോയ് 1976 ല്‍ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കെത്തുന്നത്. 1978ല്‍ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നു മാറ്റി.1992ല്‍ രാഷ്ട്രീയ സഹാറ എന്ന പേരില്‍ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനല്‍ ആരംഭിച്ചു. ഫിനാന്‍സ് റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യമാണ് സുബ്രത റോയ് സ്ഥാപിച്ചത്.ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവെന്നു സഹാറയെ ടൈം മാഗസിന്‍ പ്രശംസിച്ചിരുന്നു. സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്) റജിസ്റ്റര്‍ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസില്‍ 2010ല്‍ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു.കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് 2014ല്‍ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. 2016ല്‍ പരോളില്‍ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.