കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ്. അനുമതി നല്‍കി

Spread the love

തിരുവനന്തപുരം: കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ്. അനുമതി നല്‍കി. ഇതോടെ കുടിവെള്ളനിരക്ക് രണ്ടര ഇരട്ടി വര്‍ധിക്കും. ഒരു കിലോലിറ്ററിന് (1000 ലിറ്റര്‍) 4.4 രൂപ മുതല്‍ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി ജലഅതോറിറ്റി ഈടാക്കുന്ന ഇപ്പോഴത്തെ നിരക്ക്. ഇത് 14.4 രൂപമുതല്‍ 22 രൂപ വരെയായി വര്‍ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളക്കരവര്‍ധന ബാധകമല്ല.മന്ത്രി റോഷി അഗസ്റ്റിനാണ് ഇടതുമുന്നണി യോഗത്തില്‍ കരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശംെവച്ചത്. നിലവില്‍ 2391.89 കോടിയാണ് ജലഅതോറിറ്റിക്ക് കിട്ടാനുള്ളത്. ശമ്പളവും പെന്‍ഷനും കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് നിരക്കുവര്‍ധനയ്ക്ക് അനുമതി നല്‍കിയതെന്നാണ് വിശദീകരണം.2016ലാണ് അവസാനമായി കുടിവെള്ളക്കരം വര്‍ധിപ്പിച്ചത്. രണ്ടുവര്‍ഷംമുമ്പ് കേന്ദ്രസഹായങ്ങള്‍ ലഭിക്കുന്നതിന് പ്രതിവര്‍ഷം അഞ്ചുശതമാനംവീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരുകിലോ ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപ ചെലവാകുമ്പോള്‍ ഒമ്പതുരൂപയാണ് ജലഅതോറിറ്റിക്ക് തിരിച്ചുലഭിക്കുന്നത്.വെള്ളം കരം കുത്തനെ കൂട്ടിയത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ഇരുട്ടടിയായി. ലിറ്ററിന് കൂട്ടിയത് ഒരു പൈസയെങ്കിലും ഫലത്തില്‍ വന്‍വര്‍ധനവ് അനുഭവപ്പെടും. 5000 ലിറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 ആകും, നിലവില്‍ 22.05 രൂപയാണ്. ഓരോ ആയിരം ലിറ്ററിനും 10 രൂപവീതം കൂടും. 10000 ലിറ്ററിന് 144.41 രൂപയാകും, നിലവില്‍ 44.41 രൂപയാണ്. മാത്രമല്ല 15000 ലിറ്റര്‍ 221.65 രൂപയാകും, പഴയനിരക്ക് 71.65 രൂപയാണ്. കൂടാതെ 20000 ലിറ്ററിന് 332.4 ആകും, നിലവില്‍ 132.4 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *