നല്ല ഭക്ഷണം, വ്യായാമം, മദ്യപാനമോ പുകവലിയോ ഇല്ല; എന്നാൽ ഈ ഒരു കാര്യം സ്ട്രോക്ക് വരുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക തുടങ്ങി ആരോഗ്യകാര്യത്തിൽ നിങ്ങൾ ഏറെ ശ്രദ്ധാലുവായിരിക്കും. എന്നാൽ, അതിനർത്ഥം നിങ്ങൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലെന്നാണോ? അതെ, ഇനി പറയുന്ന ഒരു കാര്യം നിങ്ങൾക്ക് ഇല്ലെങ്കിൽ. അത് എന്താണെന്നല്ലേ, സമ്മർദം.നമ്മൾ എപ്പോഴും തിരക്കിലാണ്. ജോലിയോ വ്യക്തിജീവിതമോ നിങ്ങളുടെ സമ്മർദം ഉയർത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ നല്ല ശീലങ്ങളും പാഴായിപ്പോകും. ഡോ.ഗൗരീഷ് കെൻക്രേയുടെ അഭിപ്രായത്തിൽ, അനാരോഗ്യകരമായ ജീവിതശൈലികൾ യുവാക്കൾക്കിടയിൽ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്, ഇത് അവർക്ക് പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു.*സമ്മർദവും പക്ഷാഘാതവും*സമ്മർദം ഉറക്കത്തെ അസ്വസ്ഥമാക്കുകയും രക്താതിമർദത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് നാരായണ ഹെൽത്തിലെ ഡോ.വിക്രം ഹുഡെഡ് പറഞ്ഞു. പൊണ്ണത്തടിക്കുള്ള സാധ്യത വർധിക്കുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കും.പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അപകട ഘടകങ്ങൾ ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം ഇവരിൽ മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുന്നു.*ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ*മസ്തിഷ്ക സ്ട്രോക്കിന്റെ ലക്ഷണങ്ങളും വ്യത്യസ്ത വ്യക്തികളിൽ വ്യത്യാസപ്പെടുന്നു. “മുഖത്തിന്റെയോ കൈയുടെയോ കാലിന്റെയോ ഒരു വശത്ത് പെട്ടെന്നുള്ള ബലഹീനത അല്ലെങ്കിൽ മരവിപ്പ്, സംസാരിക്കാനോ സംസാരം മനസിലാക്കാനോ ഉള്ള ബുദ്ധിമുട്ട്, വ്യക്തമായ കാരണമില്ലാതെയുള്ള കഠിനമായ തലവേദന, പെട്ടെന്നുള്ള കാഴ്ച പ്രശ്നങ്ങൾ, തലകറക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ,” ഡോ.കെൻക്രെ വിശദീകരിച്ചു.സമീപ കാലങ്ങളിലെ ആരോഗ്യ രംഗത്തെ പുരോഗതി ചികിത്സയെ കൂടുതൽ ഫലപ്രദമാക്കുകയും ഫലങ്ങൾ കൂടുതൽ പ്രതീക്ഷ നൽകുന്നതാക്കുകയും ചെയ്തിട്ടുണ്ടെന്ന് ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു. എന്നിരുന്നാലും, സ്ട്രോക്ക് വന്നയുടൻ എത്രയും വേഗം വൈദ്യസഹായം ലഭിക്കുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കും.*പക്ഷാഘാതം എങ്ങനെ തടയാം…?*പക്ഷാഘാതം തടയുന്നതിനും അതിനുള്ള സാധ്യത കുറയ്ക്കുന്നതിനുമുള്ള ചില ടിപ്‌സുകൾ നോക്കാം.*രക്താതിമർദ്ദം ചികിത്സിക്കുക.* പക്ഷാഘാതത്തിനുള്ള പ്രധാന അപകട ഘടകം രക്താതിമർദ്ദമാണ്. ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും അവ ചുരുങ്ങുകയോ, ചോരുകയോ, പൊട്ടുകയോ ചെയ്യാൻ കാരണമാവുകയും ചെയ്യും. മസ്തിഷ്ക പക്ഷാഘാതം തടയാൻ ഉയർന്ന രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം.*പ്രമേഹം നിയന്ത്രിക്കുക.* ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തും. ഇത് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം, അതുവഴി പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ, പ്രമേഹമുള്ളവർക്ക് പക്ഷാഘാതം തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. *ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.* പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പക്ഷാഘാതം തടയുന്നതിന് വളരെ ഫലപ്രദമായ ഒരു രീതിയാണ്. സോഡിയം, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവ കുറവുള്ളതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ അടങ്ങിയ സമീകൃതാഹാരം ഉയർന്ന കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദംവും കുറയ്ക്കാൻ സഹായിക്കും, ഇവ രണ്ടും പക്ഷാഘാത സാധ്യത വർധിപ്പിക്കും.*പതിവായി വ്യായാമം ചെയ്യുക.* പതിവ് വ്യായാമം ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും, അതുവഴി പക്ഷാഘാത സാധ്യത കുറയ്ക്കും.*പുകവലി ഒഴിവാക്കുക.* പുകവലി രക്തം കട്ടിയാക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ പക്ഷാഘാത സാധ്യത വർധിപ്പിക്കും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നത് പക്ഷാഘാത സാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.*മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.