കനത്ത മഴയെ തുടർന്ന് കാട്ടാക്കടയിൽ വൻ ഗതാഗകുരുക്ക്
കാട്ടാക്കട : കനത്ത മഴയെ തുടർന്ന് കാട്ടാക്കടയിൽ വൻ ഗതാഗകുരുക്ക്. കാട്ടാക്കടയിൽ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചിലയിടങ്ങളിൽ വീടുകളിലും കയറിയെന്ന് വിവരം. തലസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴയാണ്. കാട്ടാക്കടയിൽ ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്ന രീതിയിലാണ് മഴ. നെയ്യാർ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നു. നെയ്യാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദമായി മാറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും.അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.