സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. തുടർന്ന് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നിൽ പ്രവർത്തകർ വീണ്ടും സംഘടിക്കുകയാണ്. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസ് കോമ്പൗണ്ടിൽ കയറിയതിനെ തുടർന്ന് വീണ്ടും ജലപീരങ്കി പ്രയോ ഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ-തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.പാലക്കാടും യൂത്ത് കോൺഗ്രസ് പ്രതിഷേധം അക്രമാസക്തമായി. ഡിഎംഒ ഓഫീസിലേക്ക് നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു.സ്ട്രച്ചറിൽ പ്രതീകാത്മക മൃതദേഹം വഹിച്ചായിരുന്നു പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധിച്ചെത്തിയ പ്രവർത്തകരെ ഡിഎംഒ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമം നടത്തിയതോടെ പൊലീസ് ഇടപെട്ടു. ഇതിന് പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുപ്പിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെ പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. ഗേറ്റ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ സ്‌റ്റേഷൻ മുറ്റത്ത് ഇരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. സമാനമായ രീതിയിൽ വയനാടും കോഴിക്കോടും എറണാകുളത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം കനത്തു.