ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തോല്‍വിയുടെ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന വസ്തുത അറിയാമെങ്കിലും അത് പുറത്ത് പറയാന്‍ സാധ്യതയില്ല. ദേശീയതലത്തില്‍ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങള്‍.വിവിധ മണ്ഡലങ്ങളില്‍ നിന്ന് വരുന്ന വോട്ടിന്റെ കണക്കുകള്‍ അനുസരിച്ച് വിശദമായ വിലയിരുത്തല്‍ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെക്കുമ്പോള്‍ പകരം മന്ത്രി വേണമോ അതോ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമോ എന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നേക്കും.കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്തൊക്കെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യവും ഇന്നത്തെ സെക്രട്ടറിയേറ്റ് പരിഗണിക്കാന്‍ സാധ്യതയില്ല. രാജ്യസഭാ സീറ്റിന് ഘടകക്ഷികള്‍ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് ദിവസത്തിനകം സീറ്റില്‍ തീരുമാനം എടുക്കുമെന്നാണഅ വിവരം.