കുവൈത്ത്: സാങ്കേതിക തകരാർ മൂലം അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി അടച്ച വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് രാവിലെ 8.55-ന് റൺവെയിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളം അടച്ചിരുന്നു. തകരാറിന്റെ പശ്ചാത്തലത്തിൽ, ലാൻഡിംഗിനായി എത്തിയ മൂന്ന് വിമാനങ്ങൾ അയൽരാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു.
കൂടാതെ, ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾക്കും താമസം നേരിട്ടു. അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ പരിശോധനകളും പരിഹാര നടപടികളും സ്വീകരിച്ച ശേഷം, ഇന്ന് രാവിലെ 10.25 മുതൽ വിമാനത്താവള പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങി. വിമാനത്താവളത്തിലെ റൺവേ സംബന്ധിച്ച സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻഗണനയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.