രാജ്യത്ത് ആദ്യമായി ലഹരി നിർമ്മാണ കേന്ദ്രം പിടികൂടി: 12,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
ഹൈദരാബാദ്: രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വർധിച്ചുവരുന്നതിനിടെ തെലങ്കാനയിൽ രാസലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തിയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ലഹരിക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പോലീസും എക്സൈസും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ.കഴിഞ്ഞ ഞായറാഴ്ച (സെപ്റ്റംബർ 7) തെലങ്കാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് നിർമ്മാണ സംഘത്തെ മഹാരാഷ്ട്രയിലെ മീര റോഡ് പോലീസ് പിടികൂടിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. നിർമ്മാണ കേന്ദ്രത്തിൽ നിന്ന് 12,000 കോടി രൂപയുടെ മെഫെഡ്രോൺ (MD) മയക്കുമരുന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തെലങ്കാനയിലെ ചേരമല്ലി പ്രദേശത്തെ ഫാക്ടറിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 35,000 ലിറ്റർ രാസവസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകൾ പ്രാദേശിക കുറ്റവാളികളും ഏജന്റുമാരും വഴി മുംബൈയിലേക്ക് വിതരണം ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു കെമിക്കൽ ഫാക്ടറിയുടെ മറവിലായിരുന്നു രഹസ്യമായി മയക്കുമരുന്ന് നിർമ്മാണം നടത്തിയിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസും ക്രൈം ബ്രാഞ്ചും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.കഴിഞ്ഞ മാസം എട്ടിന് മുംബൈയിലെ മീരാ റോഡിൽ വെച്ച് 24 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഫാത്തിമ മുറാദ് എന്ന ബംഗ്ലാദേശ് വനിതയെ പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വൻ മയക്കുമരുന്ന് സംഘവുമായുള്ള ഇവരുടെ ബന്ധം കണ്ടെത്തിയത്.ഈ അന്വേഷണമാണ് തെലങ്കാനയിലെ മയക്കുമരുന്ന് നിർമ്മാണ ഫാക്ടറിയിലേക്ക് നയിച്ചത്. വിദേശ വനിത ഉൾപ്പെടെ കേസിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൻ്റെ പ്രധാന പ്രതി ഒരു ഐടി വിദഗ്ധനാണ്. രാസവസ്തുക്കളെക്കുറിച്ചുള്ള തൻ്റെ അറിവ് ഇയാൾ ദുരുപയോഗം ചെയ്തതായി പോലീസ് പറയുന്നു.