കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Spread the love

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് നിരന്തരം ഹിന്ദു മതത്തെയും ഹിന്ദു വികാരത്തെയും വ്രണപ്പെടുത്തുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഹിന്ദു വിദ്വേഷിയായ പാര്‍ട്ടിയാണ്. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും സ്മൃതി ഇറാനി സൂചിപ്പിച്ചു.ഹൈന്ദവരുടെ ഏതൊരു എതിരാളിക്കും എതിരെയും ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോണ്‍ഗ്രസ് ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയില്‍ വ്യക്തമാണ് എന്നും മന്ത്രി ആരോപിച്ചു.ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന എസ്ഡിപിഐയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം സംഘടനകളില്‍ നിന്ന് പിന്തുണ തേടാന്‍ ശ്രമിക്കുന്നതെന്നും അവര്‍ തുറന്നടിച്ചു. എസ്ഡിപിഐയുമായി കോണ്‍ഗ്രസിന് വലിയ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബിജെപി എംപി തേജസ്വി സൂര്യ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസും എസ്ഡിപിഐയും സയാമീസ് ഇരട്ടകളെപ്പോലെയാണ് എന്നാണ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ മന്ത്രി പ്രതികരിച്ചത്.നമ്മള്‍ എല്ലാവരും ആര്‍എസ്എസിനെതിരെ പോരാടണം. മുസ്ലീങ്ങളും മുസ്ലീങ്ങളും തമ്മില്‍ പോരാടി ബിജെപിയെ ജയിപ്പിക്കരുത്. മുസ്ലീം സമൂഹം തമ്മില്‍ തല്ലരുതെന്നും ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ തകര്‍ക്കണം എന്നാണ് കാസര്‍കേട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ മംഗളൂരുവിലെ എസ്ഡിപിഐ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി എടുക്കണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *