നെയ്യാറ്റിൻകര ആശുപത്രിയിലെ ഇലക്ട്രിക് മിനി ആംബുലൻസ് നിശ്ചലമായിട്ട് മാസം 8 കഴിഞ്ഞു
*നെയ്യാറ്റിൻകര* : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു വേണ്ടി, വാങ്ങിയ ‘ഇലക്ട്രിക് മിനി മെഡിക്കൽ ആംബുലൻസ്’ കട്ടപ്പുറത്തായിട്ട് എട്ടു മാസം. ഒഴിഞ്ഞ കോണിൽ നിർത്തിയിട്ടിരുന്ന ഈ വാഹനത്തിന്റെ ബാറ്ററിയും ആരോ കടത്തിക്കൊണ്ടു പോയി. കള്ളൻ കപ്പലിൽ തന്നെന്നും രഹസ്യ വിവരം. ജനറൽ ആശുപത്രിയുടെ അത്യാഹിത വാർഡിൽ എത്തുന്ന രോഗിയെ രക്തം പരിശോധിക്കാനും എക്സ്റേ എടുക്കാനുമൊക്കെ വീൽ ചെയറിലോ സ്ട്രക്ചറിലോ ആണ് കൊണ്ടു പോയിരുന്നത്.കല്ലുകൾ ഇളകിയ തറയിലൂടെ (ഇന്റർലോക് ചെയ്യുന്നതിനു മുൻപ്) വീൽചെയറിലും സ്ട്രക്ചറിലും കൊണ്ടു പോകുന്നത് അക്ഷരാർഥത്തിൽ ഭഗീരഥ പ്രയത്നമായിരുന്നു. ഈ ബുദ്ധിമുട്ട് കണ്ടിട്ടാണ് എംഎൽഎ, 2019–20 കാലയളവിൽ അശുപത്രിക്കു വേണ്ടി ‘ഇലക്ട്രിക് മിനി മെഡിക്കൽ ആംബുലൻസ്’ വാങ്ങി നൽകിയത്. കുറച്ചധികം കാലം ‘മിനി മെഡിക്കൽ ആംബുലൻസ്’ ഉദാത്തമായ പ്രവർത്തനം തന്നെ നടത്തി. വയോധികർക്കും അപകടങ്ങളിൽപ്പെട്ട് നടക്കാനാവാതെ എത്തുന്നവർക്കും ഈ വാഹനം ഉപകാരിയായി. പിന്നീട് ബാറ്ററി സംബന്ധമായ തകരാറിനെ തുടർന്നാണ് ഇതിനെ ഒഴിഞ്ഞ കോണിൽ നിർത്തിയിട്ടത്. പുതിയ ബാറ്ററി വാങ്ങാനുള്ള നടപടിക്രമങ്ങൾ 8 മാസമായിട്ടും ഇതുവരെ പൂർത്തിയായില്ല. ഇതിനിടെ വാഹനത്തിലെ ബാറ്ററി ആരോ കടത്തിക്കൊണ്ടു പോയി.പൊതുമുതൽ നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകണമെന്നു ചട്ടമുണ്ടെങ്കിലും അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കള്ളനെ പലർക്കും അറിയാമെങ്കിലും ആരും പുറത്തു പറയുന്നില്ലെന്നതാണ് മറ്റൊരു കൗതുകം. ദീർഘകാലമായി നിർത്തിയിട്ടതു കരാരണം ഈ ചെറിയ ആംബുലൻസ് ഇപ്പോൾ തുരുമ്പെടുത്തു നശിക്കുകയാണ്. ശരിക്കും ജനറൽ ആശുപത്രിയെ ആശ്രയിച്ചു വരുന്ന രോഗികൾക്ക് ശരിക്കും സാന്ത്വനം നൽകിയിരുന്ന വാഹനത്തെ വീണ്ടും നിരത്തിൽ (ആശുപത്രി വളപ്പിൽ) ഇറക്കണമെന്നാണ് രോഗികളുടെയും ജീവനക്കാരുടെയും ആഗ്രഹം. ബാറ്ററി മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.