വാട്ടർ അതോറിറ്റിക്ക് കോർപ്പറേഷനുകളിൽ നിന്നും കുടിശ്ശികയായി ലഭിക്കാനുള്ളത് കോടികളെന്ന് റിപ്പോർട്ട്
വാട്ടർ അതോറിറ്റിക്ക് കോർപ്പറേഷനുകളിൽ നിന്നും കുടിശ്ശികയായി ലഭിക്കാനുള്ളത് കോടികളെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ 6 കോർപ്പറേഷനുകൾ വെള്ളക്കരത്തിൽ നൽകാനുള്ള കുടിശ്ശിക 209 കോടി രൂപയാണ്. ഇതിനുപുറമേ, തദ്ദേശ വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയും കുടിശ്ശികയായി നൽകാനുള്ളത് കോടികൾ തന്നെയാണ്.ഏറ്റവും കൂടുതൽ കുടിശ്ശിക അടയ്ക്കാൻ ഉള്ളത് കൊച്ചി കോർപ്പറേഷനാണ്. 89.17 കോടി രൂപയാണ് കൊച്ചി കോർപ്പറേഷൻ അടയ്ക്കേണ്ടത്. ഏറ്റവും കുറവ് കുടിശ്ശിക അടയ്ക്കേണ്ടത് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളാണ്. കൊല്ലം കോർപ്പറേഷൻ 32 ലക്ഷം രൂപയും, കണ്ണൂർ കോർപ്പറേഷൻ 8 ലക്ഷം രൂപയുമാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. അതേസമയം, തദ്ദേശ വകുപ്പ് മാത്രം 964 കോടി രൂപ നൽകാനുണ്ട്.സർക്കാർ വകുപ്പുകളുടെ കുടിശ്ശിക 350 കോടി രൂപയാണ്. സർക്കാർ സ്ഥാപനങ്ങളായതിനാൽ നോട്ടീസ് അയച്ചാൽ പലപ്പോഴും മറുപടി ലഭിക്കാറില്ല. ഇതിനോടൊപ്പം, തുടർനടപടിയും കടലാസിൽ ഒതുക്കാറാണ് പതിവെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ കുടിശ്ശിക അടയ്ക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കണക്ഷൻ വാട്ടർ അതോറിറ്റി വിച്ഛേദിച്ചിരുന്നു. എന്നാൽ, ഉന്നത തലത്തിലുള്ളവരുടെ ഇടപെടൽ മൂലം നിമിഷങ്ങൾക്കകമാണ് കണക്ഷൻ പുനസ്ഥാപിച്ചത്.