കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

Spread the love

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുന്ന വേളയിൽ തന്നെ കൊച്ചിയിലും ഉദ്ഘാടന സർവീസ് നടത്തും. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സർവീസ്. ഉദ്ഘാടനം കഴിഞ്ഞ് നാളെ മുതൽ റഗുലർ സർവീസ് ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ എട്ട് ബോട്ടുകളാകും സർവീസ് നടത്തുക.1136.83 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവീസ് നടത്താൻ സാധിക്കും.ഹൈക്കോടതി-വൈപ്പിൻ ടെർമിനലുകൾ, വൈറ്റില-കാക്കനാട് ടെർമിനലുകൾ എന്നിവിടങ്ങളിൽനിന്നുള്ള ആദ്യഘട്ട സർവീസാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിക്കുക. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താനാകുമെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. എഎഫ്‌സി ഗേറ്റുകളും കൂടാതെ വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവൽ നിലനിർത്താനാകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകളും വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്. കൊച്ചിൻ ഷിപ്‌യാർഡിൽ നിർമ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഹൈക്കോടതി വാട്ടർമെട്രോ ടെർമിനലിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുമായി ബോട്ടുയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ സർവിസ് വ്യവസായ മന്ത്രി പി രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *