ഐ പി ആര്‍ ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്29 ഒക്ടോബർ 2025

Spread the love

വാക്കു പറഞ്ഞതൊന്നും ഈ സർക്കാർ വഴിയിൽ വെച്ച് അവസാനിപ്പിക്കില്ല: മന്ത്രി കെ. രാജൻ

വാക്കു പറഞ്ഞ കാര്യങ്ങളൊന്നും വഴിയിൽ വെച്ച് അവസാനിപ്പിക്കുന്ന സർക്കാരല്ല ഇപ്പോഴത്തേതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തിരുവനന്തപുരം അമ്പലനഗറിൽ 11 നിലകളിലായി നിർമ്മിച്ച 80 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന നീലാംബരി അപ്പാർട്ട്മെന്റിൻ്റെയും ഉള്ളൂർ മെഡിക്കൽ കോളേജ് റോഡിൽ പി. റ്റി. ചാക്കോ നഗർ ഭവനപദ്ധതിയിൽ 4 നിലകളിലായി നിർമ്മിച്ചിട്ടുള്ള കമേഴ്സ്യൽ കം ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത വിധം പ്രളയങ്ങളും കോവിഡും വന്നിട്ടും, അതിനെയെല്ലാം തരണം ചെയ്താണ് ജനങ്ങൾക്ക് വേണ്ടി ഈ സർക്കാരും ഭവന നിർമ്മാണ ബോർഡും പ്രവർത്തിച്ചിട്ടുള്ളത്. ദുർബല ജനവിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഭവന നിർമ്മാണ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ‘തന്റെയിടം’ പോലുള്ള പദ്ധതികൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളൂരിൽ 18.245 സെന്റ് സ്ഥലത്താണ് നാല് നിലകളിലായി കൊമേഴ്സ്യൽ കം ഓഫീസ് പദ്ധതി പണി കഴിപ്പിച്ചത്. 8.29 കോടി രൂപയാണ് പദ്ധതി ചെലവ്.

ഷോപ്പിംഗ് കോംപ്ലെക്സിൻ്റെ ആകെ വിസ്തീർണ്ണം 15,087 ചതു. അടി ആണ്. കൊമേർഷ്യൽ ഏരിയ കടമുറിയുo ഓഫീസ് സ്പേസുകളുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 14 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, കടമുറി, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ 4 കൊമേഴ്സ്യൽ ഏരിയകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ടും മൂന്നും നിലകളിൽ ഓഫീസ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ് മുതലായ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.

അമ്പലനഗറിൽ 63.75 സെന്റ് സ്ഥലത്ത് പാരസ്പര്യം പദ്ധതി പ്രകാരം 11 നിലകളിലായി 3 മുറികളുള്ള 30 ഫ്ലാറ്റുകളും 2 മുറികളുള്ള 50 ഫ്ലാറ്റുകളുമാണ് ഉള്ളത്. നീലാംബരി അപ്പാർട്ട്മെന്റിൻ്റെ പദ്ധതി ചെലവ് 38.35 കോടി രൂപയാണ് .

80 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, റിക്രിയേഷൻ സ്ഥലം, ഹെൽത്ത് ക്ലബ്ബ് , ഇൻഡോർ ഗെയിം സ്ഥലം, എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ ലാൻ്റ് സ്കേപ്പിംഗും ഉൾക്കൊളളിച്ചിട്ടുണ്ട്.

അമ്പല നഗർ നീലാംബരി ഫ്ലാറ്റ് സമുച്ചയം കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ്, പി. പി സുനീർ എം.പി, ഭവന നിർമ്മാണ ബോർഡ് ഹൗസിംഗ് കമ്മീഷണർ ഗീത എ, ചീഫ് എഞ്ചിനീയർ നൗഷാദ് എ, മേഖലാ എഞ്ചിനീയർ ജലജ ആർ, ബോർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *