ആശ വർക്കർമാരുടെ സമരം: സർക്കാർ ദുർവാശി വെടിഞ്ഞ് ആവശ്യങ്ങൾ പരിഹരിക്കാൻ തയ്യാറാകണം – റസാഖ് പാലേരി

Spread the love

തിരുവനന്തപുരം: കഴിഞ്ഞ 25 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ വേതനം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവും പകലുമായി സമരം നയിക്കുന്ന ആശാ വർക്കർമാരോട് ദുർവാശി വെടിഞ്ഞ് സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരത്തിന് സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം വേതനം പോലും ഉറപ്പാക്കാൻ പിണറായി ഭരണകൂടത്തിന് കഴിയുന്നില്ല എന്നത് തികച്ചും പ്രതിഷേധാർഹമാണ്.

മാസ വേതനമായി 21000 നൽകാൻ കഴിയുന്ന വിധത്തിൽ ദിവസേന 700 രൂപ എന്ന എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകണം. നിലവിലെ സ്‌കീം അടിസ്ഥാനത്തിൽ തൊഴിലെടുത്ത് വരുന്ന ജീവനക്കാർക്ക് സ്ഥിര നിയമനം നൽകണം. സമരക്കാരെ ശത്രുക്കളായി പ്രചരണം നടത്തിയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടും സമരത്തെ കൈകാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് സാമൂഹ്യനീതിക്ക് വേണ്ടി സമരം ചെയ്യുന്നവരോടുള്ള പിണറായി സർക്കാറിന്റെ വെല്ലുവിളിയാണ്.

സിപിഎം മുൻകൈയെടുക്കാത്ത സമരങ്ങളൊന്നും കേരളത്തിൽ നടത്തേണ്ടതില്ല എന്ന ധാർഷ്ട്യത്തിന്റെ ഭാഷ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സമൂഹത്തിലെ സുപ്രധാനമായ തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗത്തെ വ്യാജമായ കണക്കുകൾ നിരത്തി പ്രതിരോധിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടം ഉയർന്നു വരണം. ന്യായമായ ആവശ്യങ്ങൾ മുൻനിർത്തി ആശ വർക്കർമാർ നടത്തുന്ന സമരത്തോട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ സമ്പൂർണ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയാണെന്ന് റസാഖ് പാലേരി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ മെഹ്ബൂബ് ഖാൻ പൂവാർ, ആദിൽ അബ്ദുൽ റഹിം, ജില്ലാ ട്രഷറർ എൻ.എം അൻസാരി, വൈസ് പ്രസിഡന്റ് ഷാഹിദ ഹാറൂൺ, സെക്രട്ടറിമാരായ സൈഫുദ്ദീൻ, മനാഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത ജയരാജ്, ആരിഫ ബീവി തുടങ്ങിയവർ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *