കുട്ടിക്കൂട്ടുകാർക്കൊപ്പം കളിയും ചിരിയും ചിന്തയുമായി ദിവ്യ എസ്. അയ്യർ ഐ.എ.എസ്
കൗതുകകരമായ മറുപടികളാണ് സദസിൽ നിന്ന് ഉയർന്നത്. യാത്ര പോകാൻ, കളിക്കാൻ, വിശ്രമിക്കാൻ, ബന്‌ധുവീടുകൾ സന്ദർശിക്കാൻ, വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ തുടങ്ങി പലവിധ ഉത്തരങ്ങൾ. എന്നാൽ, അതിനുള്ള മറുപടി ദിവ്യ എസ്. അയ്യർ തന്നെ നൽകി. അടുത്ത അധ്യയന വർഷത്തേക്കുള്ള ഉൗർജനം നേടാൻ. ഫോണിൽ ചാർജ് തീർന്നാൽ റീചാർജ് ചെയ്യാൻ വയ്‌ക്കും പോലെ കുഞ്ഞുങ്ങളെ റീ ചാർജ് ചെയ്യാൻ വയ്‌ക്കുന്ന സമയമാണ് വേനലവധിയുടെ രണ്ട് മാസക്കാലമെന്നും അവധിക്കാലത്ത് നമ്മൾ ഒപ്പിയെടുക്കുന്ന കാര്യങ്ങൾ നമ്മൾ സ്വയം പഠിക്കുന്നതാണെന്നും ദിവ്യ എസ്. അയ്യർ ഐ.എ.എസ് കുട്ടികളോട് പറഞ്ഞു. കുട്ടിക്കാലത്ത് ഇത്തരത്തിൽ ശിശുക്ഷേമ സമിതിയുടെ വേനലവധി ക്യാമ്പുകളിൽ താനും പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞ ദിവ്യ കുട്ടികൾക്കായി ‘തന്നന്നം താനന്നം താളത്തിലാടി’ എന്ന ഗാനവും ആലപിച്ചു.
ക്യാമ്പിലെ നിരവധി കുട്ടികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് വളരെ രസകരമായി തന്നെ മറുപടിയും നൽകി. ഡോക്‌ടറാവുകയെന്നതും കളക്‌ടറാവുകയെന്നതും തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. രണ്ടും നേടിയെടുക്കാനായത് ഭാഗ്യമായി കരുതുന്നു. ഡോ. ബാബുപോൾ ഐ.എ.എസിനെ കണ്ടാണ് താൻ ഈ മേഖലയിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചത്. എന്തിനെയും എപ്പോഴും അറിയാനുള്ള പഠിക്കാനുള്ള ജിജ്‌ഞാസയാണ് ഒരു സിവിൽ സർവീസ് സ്വപ്‌നം കാണുന്നയാൾക്ക് വേണ്ടത്. ഉള്ളിലെ നിഷ്‌കളങ്കതയും കുട്ടിത്തവും പരിശുദ്ധിയും നിലനിറുത്താൻ കുഞ്ഞുങ്ങളുമായുള്ള സൗഹൃദം സഹായിക്കാറുണ്ട്. കുഞ്ഞുങ്ങൾക്ക് വ്യക്‌തികളെയാണ് അറിയുക. വിശേഷണങ്ങളും അലങ്കാരങ്ങളും അറിയില്ല. എന്റെ മകന് സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കണ്ടാൽ അത് മുഖ്യമന്ത്രിയാണെന്നറിയില്ല. അവന് അദ്ദേഹം വിജയനപ്പൂപ്പനാണ്. അവർ വ്യക്‌തികളെയാണ് എപ്പോഴും നോക്കിക്കാണുന്നത്.
ഉളളിലെ അഹം ബോധം അഹംഭാവമാകാതെയും അഹങ്കാരമാകാതെയും നോക്കണമെന്നും ആശംസിച്ചു. ജീവിതത്തിലെ കൃതജ്‌ഞത നിറഞ്ഞ നിമിഷം തന്റെ മകനെ കൈയിലെടുത്ത നിമിഷമാണെന്ന് ദിവ്യ എസ്. അയ്യർ പറഞ്ഞു. പത്തനംതിട്ട റാന്നി അട്ടത്തോടുള്ള ട്രൈബൽ സ്‌കൂളിൽ കുട്ടികൾക്കൊപ്പം ക്രിസ്‌മസ് ആഘോഷം മനസിൽ നിന്ന് മറയാത്ത നിമിഷമാണെന്നും നിലയ്‌ക്കലിൽ സ്‌ഥലം ഏറ്റെടുത്ത് മികച്ച മോഡൽ ട്രെബൽ സ്‌കൂളായി അതിനെ ഉയർത്തിയപ്പോഴുണ്ടായ സന്തോഷം വളരെ വലുതാണെന്നും പറഞ്ഞ ദിവ്യ എസ്. അയ്യർ ക്യാമ്പിലെ കുട്ടികൾക്ക് മധുരവും നൽകിയാണ് മടങ്ങിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്‌ടർ എൻ.എസ് വിനോദും പങ്കെടുത്തു. ഏപ്രിൽ 3 ന് തുടങ്ങിയ ക്യാമ്പ് മേയ് അവസാന വാരം സമാപിക്കും.