പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഭൂപടം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടന്‍ ഭൂപടം ലഭ്യമാക്കും. ഇതിന്മേലുള്ള പരാതികള്‍ ഫീല്‍ഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സര്‍ക്കാര്‍ ശ്രമം.ഫീല്‍ഡ് സര്‍വേ നടപടിക്കുള്ള വിശദമായ സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും. ഇതിലൂടെ വാര്‍ഡ് തല സമിതിയുടെ പ്രവര്‍ത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്തത വരുത്തും. ബഫര്‍സോണ്‍ പ്രതിഷേധങ്ങള്‍ക്ക് ഇന്നലെ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതോടെ വിഷയത്തില്‍ രാഷ്ട്രീയ തര്‍ക്കവും കനക്കും.ബഫര്‍സോണ്‍ വേണമെന്നത് കോണ്‍ഗ്രസ് നിലപാടാണെന്ന ആരോപണത്തിന് ഇന്ന് പ്രതിപക്ഷനേതാക്കള്‍ മറുപടി നല്‍കും. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും കോണ്‍ഗ്രസിനെതിരെ ആരോപണം ശക്തമാക്കും.