ജീപ്പിടിച്ച് നാലുപേരുടെ മരണം: ഡ്രൈവർക്ക് 10 വർഷം കഠിനതടവ്
നെയ്യാറ്റിൻകര : മദ്യലഹരിയിൽ ഓടിച്ച ജീപ്പിടിച്ച് ഓട്ടോയിലും ബൈക്കിലുമായി വന്ന നാലുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ ജീപ്പ് ഡ്രൈവർക്കു 10 വർഷം തടവും 1,25,000 രൂപ പിഴയും ശിക്ഷ. കാരയ്ക്കാമണ്ഡപം, കൃഷ്‌ണാലയത്തിൽ സുന്ദരന്റെ മകൻ വിജയകുമാറിനെയാണ് (56) നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. 2016 ജൂൺ 8ന് രാത്രി 8.45 നാണ് സംഭവം.ബാലരാമപുരം- പൂവാർ റോഡിൽ അവണാകുഴി ജംഗ്ഷനു സമീപമാണ് കൃത്യം നടന്നത്. ഒന്നാം പ്രതി വിജയകുമാർ ഓടിച്ച ജീപ്പ് റോഡിനു എതിർ വശത്തുകൂടിവന്ന ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ശശീന്ദ്രൻ (51) ഓട്ടോറിക്ഷ ഓടിച്ചിരുന്ന യോഹന്നാൻ (48), ഓട്ടോയിലെ യാത്രക്കാരായ ബെനഡിക്ട് (59) , സരോജം (58) എന്നിവർ മരണമടയുകയും യശോധ (83) യെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഒന്നാം പ്രതി വിജയകുമാർ മദ്യപിച്ചു ജീപ്പ് ഓടിക്കുകയായിരുന്നു. ഒന്നാം പ്രതിയെ കൂടാതെ മൂന്ന് പേർ ജീപ്പിൽ ഉണ്ടായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടാം പ്രതി സുനി എന്ന സുനിൽകുമാർ, മൂന്നാം പ്രതി അജീന്ദ്രകുമാർ, നാലാം പ്രതി സനൽകുമാർ എന്നിവർക്കെതിരെ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും കോടതി വെറുതെ വിട്ടു. നെയ്യാറ്റിൻകര ഇൻസ്‌പെക്ടർ ആയിരുന്ന ജി.സന്തോഷ് കുമാറാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.