കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും
തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമെന്ന ശശി തരൂര്‍ അടക്കമുള്ള എംപിമാരുടെ പരസ്യ പ്രസ്താവന യോഗം ചര്‍ച്ച ചെയ്യും. കെപിസിസി പുനഃസംഘന വൈകിയതും, കെ സുധാകരന്റെ പ്രവര്‍ത്തനത്തിലുള്ള ഒരു വിഭാഗത്തിന്റെ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചയായേക്കും.ശശി തരൂര്‍ വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായതായി ഇന്നലെ ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഭരണവീഴ്ച മറയ്ക്കാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിപിഎമ്മിന് കഴിയുന്നുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.അനാവശ്യവിവാദങ്ങള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമെന്നത് നേതാക്കള്‍ തിരിച്ചറിയണം. ശശി തരൂരിനെ പാര്‍ട്ടിയില്‍ ഭിന്നമായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം ഗുണംചെയ്യില്ല. തരൂരിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതും ശരിയല്ല. തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന ബോധ്യം സംഘാടകര്‍ക്കും ഉണ്ടാകേണ്ടതുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.എംപിമാരെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇനി പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാനാകില്ല. ടി എന്‍ പ്രതാപന്‍ എംപിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനമുയര്‍ന്നു. കെപിസിസി പ്രസിഡന്റ് എംപിമാരെ താക്കീത് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. എംപി വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ നിര്‍വാഹക സമിതി യോഗത്തില്‍ കൈക്കൊള്ളും.