ഓണാവേശത്തിലേക്കുണർന്ന് തലസ്ഥാനം; വാരാഘോഷത്തിന് തിരിതെളിഞ്ഞു

Spread the love

തലസ്ഥാനവാസികള്‍ക്ക് സാംസ്‌കാരികോത്സവത്തിന്റെ ഏഴ് രാപ്പകലുകള്‍ സമ്മാനിച്ച് ഓണം വാരാഘോഷത്തിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതോടെ സംസ്ഥാനമെങ്ങും ഓണാഘോഷത്തിന് തുടക്കമായി.മുഖ്യാതിഥികളായി നടന്‍ ഫഹദ് ഫാസിലും ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങിലെത്തിയത് ആഘോഷത്തിന്റെ പൊലിമ കൂട്ടി.

കേരളത്തിന്റെ ആത്മാവ് അതിന്റെ ജനാധിപത്യ ബോധമാണെന്ന് മല്ലിക സാരാഭായി പറഞ്ഞു.മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് തന്റെ തലമുറ കടന്നുപോകുന്നതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.അതിന് കാരണം ടൂറിസം രംഗത്തുണ്ടായ വളർച്ചയാണ്. വളർന്നുവരുന്ന സിനിമ ടൂറിസത്തിനായി എല്ലാവിധ പിന്തുണ നൽകുമെന്നും ഫഹദ് ഫാസിൽ പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യത്തോടെയാണ് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.

തുടര്‍ന്ന് ഇത്തവണത്തെ ഓണാഘോഷ പ്രമേയമായ ഓണം,ഒരുമയുടെ ഈണം എന്ന ആശയത്തില്‍ കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിച്ച നൃത്തശില്പം കാണികളുടെ ശ്രദ്ധ നേടി.കനകക്കുന്നിലെ അഞ്ച് വേദികളില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ തയ്യാറാക്കിയ 31 വേദികളിലായി സെപ്റ്റംബര്‍ രണ്ട് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. നാടന്‍ കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ ഓരോ വേദിയും ആവേശക്കാഴ്ചകളാണ് കാത്തുവെയ്ക്കുന്നത്.ശനിയാഴ്ച മുതല്‍ തന്നെ ദീപാരങ്കാലങ്ങളാല്‍ നഗരം തിളങ്ങിത്തുടങ്ങി. കനകക്കുന്നില്‍ ആരംഭിച്ച ട്രേഡ്,ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഉദ്ഘാടന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി സ്വഗതം പറഞ്ഞു.വിനോദ സഞ്ചാര വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,ജി.ആർ അനിൽ, ആന്റണി രാജു,എംപിമാരായ ജോൺ ബ്രിട്ടാസ്,ബിനോയ് വിശ്വം,എം.എൽ.എ മാരായ വി.ജോയ്,കടകംപള്ളി സുരേന്ദ്രൻ,ഡി.കെ. മുരളി,ജി.സ്റ്റീഫൻ,ഐ.ബി സതീഷ്, വി.കെ.പ്രശാന്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ,വാർഡ് കൗൺസിലർ റീന കെ.എസ്. ജില്ലാ കളക്ടർ ജെറോമിക് ജോർജ്,ടൂറിസം ഡയറക്ടർ പി.ബി നൂഹ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *