ദുബായ്: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 63 ലക്ഷം പേർ
ദുബായില്‍ ചെറിയ പെരുന്നാൾ അവധിദിനങ്ങളിൽ പൊതുഗതാഗതം സംവിധാനം ഉപയോഗിച്ചത് 63 ലക്ഷത്തിലേറെപ്പേർ. ദുബായ് മെട്രോയിലാണ് ഏറ്റവും അധികം പേർ യാത്ര ചെയ്തത്. ചെറിയപെരുന്നാൾ അവധിദിനങ്ങളിൽ 63.9 ലക്ഷം പേർ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചതായി ദുബായ് ആർടിഎ അധികൃതർ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ഇത്രയും ആളുകൾ പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്.
മെട്രോയുടെ റെഡ് – ഗ്രീൻ ലൈനുകളിലായി 24 ലക്ഷത്തിലേറെപ്പേരാണ് സഞ്ചരിച്ചത്. ട്രാം ഉപയോഗിച്ചത് ഒന്നേകാൽ ലക്ഷത്തോളം പേരാണ് . കൂടാതെ പൊതുബസുകളിൽ 13 ലക്ഷത്തിലേറെപ്പേരും പേരും യാത്രചെയ്തു. മറൈൻ ട്രാൻസ്‌പോർട്ടുകൾ 4 ലക്ഷം പേർക്കും ദുബായ് ടാക്‌സികൾ 16 ലക്ഷം യാത്രക്കാർക്കും സേവനം നൽകി.
ഇ-ഹെയിൽ വാഹനങ്ങൾ, മണിക്കൂർ വ്യവസ്ഥയിൽ വാടകക്കെടുക്കുന്ന വാഹനങ്ങൾ, ബസ് ഓൺ ഡിമാൻസ് സർവീസസ് എന്നിവയിൽ 4 ലക്ഷത്തിലേറെപ്പേരും പെരുന്നാൾ അവധി ദിനങ്ങളിൽ മാത്രമായി യാത്ര ചെയ്തതായും ആർടിഎ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സഞ്ചാരം തടസങ്ങളില്ലാതെ സുരക്ഷിതമായി നടത്താൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.