എയർ ഇന്ത്യ വിമാനം വൈകി; തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വഴി മസ്‌കറ്റിലേക്കുള്ളവരുടെ യാത്ര മുടങ്ങി
തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വഴി മസ്‌കറ്റിലേക്ക് പോവാനെത്തിയ യാത്രക്കാര്‍ വിമാനമില്ലാതെ ദുരിതത്തിലായി. 45 പേരുടെ യാത്ര മുടങ്ങി. തിരുവനന്തപുരം- കണ്ണൂര്‍ വിമാനം സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് യാത്ര വൈകിയതോടെ രാവിലെ 9.10നുള്ള കണ്ണൂര്‍- മസ്‌കറ്റ് കണക്ഷൻ ഫ്ലൈറ്റ് കിട്ടാതെ യാത്ര മുടങ്ങുകയായിരുന്നു.
വിസാ കാലവധി കഴിയുന്നവരും അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ടവരുമടക്കം നിരവധി പേര്‍ ബുദ്ധിമുട്ടിലായി. യാത്രക്കാര്‍ക്ക് ഭക്ഷണമുള്‍പ്പെടെ ലഭിച്ചില്ലെന്നാണ് പരാതി. അത്യാവശ്യക്കാരെ ബസില്‍ കരിപ്പൂരിൽ എത്തിച്ച് രാത്രി 11.15നുള്ള വിമാനത്തില്‍ യാത്രക്ക് സൗകര്യമൊരുക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എന്നാൽ, ഈ യാത്രക്കുള്ള ടിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ല. മറ്റുള്ള യാത്രക്കാരെ കണ്ണൂരിലെ ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക് നാളെ രാവിലെ കണ്ണൂരില്‍ നിന്ന് 9.10 നുള്ള വിമാനത്തില്‍ മാത്രമേ മസ്‌കറ്റിലേക്ക് യാത്ര തിരിക്കാനാവൂ. വിമാനത്തിന് സാങ്കേതിക പ്രശ്‌നമുള്ളപ്പോള്‍ കണ്ണൂരില്‍ നിന്ന് യാത്ര മുടങ്ങുമെന്ന മുന്നറിയിപ്പ് വിമാന കമ്പനി അധികൃതര്‍ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇവർക്ക് പോകാനാകുമെന്ന തരത്തിൽ കണ്ണൂര്‍- മസ്‌കറ്റ് വിമാനം വൈകുമെന്നറിയിച്ചാണ് കണ്ണൂരിലെത്തിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു.