നവജാത ശിശുക്കളെ തട്ടിയെടുത്ത് ദില്ലിയിലെ സമ്പന്ന കുടുംബങ്ങൾക്ക് വിൽപന; രണ്ട് സ്ത്രീകളുൾപ്പെടെ മൂന്നുപേർ പിടിയിൽ
ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന സംഘം പിടിയിൽ. ഡൽഹിയിലെ ദ്വാരകയിൽ നിന്നാണ് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തെ നയിച്ചിരുന്ന സരോജ് എന്ന സ്ത്രീയാണ് ഇനി പിടിയിലാവാനുള്ളത്.
ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി-ദേശീയ തലസ്ഥാന മേഖല (എൻസിആർ) എന്നിവിടങ്ങളിൽ ഈ സംഘം സജീവമായിരുന്നു. നാല് ദിവസം പ്രായമുള്ള ഒരു നവജാത ശിശുവിനെയും പൊലീസ് രക്ഷപ്പെടുത്തി. സംഘത്തിന്റെ മുഖ്യസൂത്രധാരൻ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് സംഘം പറഞ്ഞു.
ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും ഡല്‍ഹിയില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്തുവന്നിരുന്നത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്. സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൃത്യമായി പദ്ധതി തയ്യാറാക്കി മോഷ്ടിച്ചാണ് സംഘം സമ്പന്നര്‍ക്ക് വിറ്റിരുന്നത്. ഡൽഹി-എൻസിആറിലെ സമ്പന്ന കുടുംബങ്ങൾക്ക് ഈ സംഘം ഇതുവരെ 30-ലധികം കുട്ടികളെ വിറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ചുമുതല്‍ പത്തുലക്ഷം രൂപയ്ക്കുവരെയാണ് ഇവര്‍ കുഞ്ഞുങ്ങളെ വിറ്റിരുന്നത്.
ഡൽഹി പോലീസ് സംഘം സംശയാസ്പദമായ 20-ലധികം മൊബൈൽ നമ്പറുകളുടെ കോൾ ഡീറ്റെയിൽ രേഖകൾ (സിഡിആർ) വിശകലനം ചെയ്താണ് പ്രതികളെ കുടുക്കിയത്. തുടർച്ചയായി 20 ദിവസം രഹസ്യ വിവരങ്ങൾ ശേഖരിച്ച സംഘം ഏപ്രിൽ 8 ന് ഉത്തം നഗറിൽ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, ഗുണ്ടാ നേതാവായ സരോജ് എന്ന 40 വയസ്സുള്ള സ്ത്രീയുടെ നിർദ്ദേശപ്രകാരം രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും നവജാത ശിശുക്കളെ കൊണ്ടുവന്ന് ഡൽഹി-എൻസിആറിലെ സമ്പന്ന കുടുംബങ്ങൾക്ക് ഒരു കുട്ടിക്ക് 5 മുതൽ 10 ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റതായി അവർ പറഞ്ഞു. സരോജ് സമ്പന്ന കുടുംബങ്ങളുമായി നേരിട്ട് ഇടപെട്ടിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ മറ്റ് അംഗങ്ങളെ അടുപ്പിച്ചിരുന്നില്ല. മാത്രമല്ല, ഫോണിലൂടെ മാത്രമാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എവിടെനിന്ന് കുഞ്ഞിനെ മോഷ്ടിക്കണം, എവിടെ എത്തിക്കണം എന്നെല്ലാം സരോജാണ് ഫോണിലൂടെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പണം കൈപ്പറ്റുന്നത് മാത്രം സരോജ് നേരിട്ടായിരുന്നു.
കുട്ടികളെ മോഷ്ടിക്കുന്ന ജോലി സരോജ് യാസ്മീനെ ഏൽപ്പിച്ചു. കുഞ്ഞുങ്ങളെ ഡല്‍ഹിയില്‍ സരോജിന്റെ അടുത്ത് എത്തിക്കണം. അവിടെനിന്നും കുഞ്ഞിനെ വാങ്ങിയ ആളുടെ കൈകളില്‍ എത്തിക്കേണ്ടത് അഞ്ജലിയുടെ ചുമതലയാണ്. ഡീലില്‍ ലഭിക്കുന്ന പണം എല്ലാവര്‍ക്കും സരോജാണ് വീതിച്ചുനല്‍കിയിരുന്നത്.
അഞ്ജലിയും യാസ്മിനും മുമ്പ് നിയമവിരുദ്ധമായി അണ്ഡങ്ങൾ ദാനം ചെയ്തിട്ടുണ്ട്. കുട്ടികളെ വിറ്റ കുടുംബങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി പോലീസ് പറഞ്ഞു.