ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു പൊട്ടിത്തെറിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നായ മൗണ്ട് സെമെരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കിഴക്കൻ ജാവയിൽ ആശങ്ക. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ അഗ്നിപർവ്വതത്തിൻ്റെ മുകളിൽ നിന്ന് 13 കിലോമീറ്റർ (8.08 മൈൽ) വരെ ഉയരത്തിൽ ചാരത്തിൻ്റെയും പുകയുടെയും നിരകൾ ആകാശത്തേക്ക് ഉയർന്നു. അഗ്നിപർവ്വതത്തിൻ്റെ ചരിവുകളിലൂടെ ലാവയും പാറകളും തള്ളി നീങ്ങിയതോടെ, അധികൃതർ ജാഗ്രതയുടെ പരമാവധി നിലയിൽ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, മുൻകരുതലിൻ്റെ ഭാഗമായി നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് ഇതുവരെ 900-ൽ അധികം താമസക്കാരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ, അഗ്നിപർവ്വതത്തിൻ്റെ സമീപപ്രദേശങ്ങളിൽ കുടുങ്ങിയ 170 പർവതാരോഹകരെയും കഴിഞ്ഞ ദിവസം സുരക്ഷിതമായി തിരിച്ചെത്തിച്ചിരുന്നു.കിഴക്കൻ ജാവയിലെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള 956 താമസക്കാർ ഇതിനോടകം സ്കൂളുകൾ, പള്ളികൾ, സർക്കാർ സൗകര്യങ്ങൾ എന്നിവിടങ്ങളിലെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറിയിട്ടുണ്ട്. കുടുങ്ങിയ പർവതാരോഹകർ ഗർത്തത്തിൽ നിന്ന് ഏകദേശം 6.4 കിലോമീറ്റർ അകലെയുള്ള ഒരു തടാകക്കരയിലെ ക്യാമ്പ് സൈറ്റിലാണ് രാത്രി ചെലവഴിച്ചത്. “എല്ലാ പർവതാരോഹകരും അവരുടെ ഗൈഡുകളും സുരക്ഷിതരാണ്. സ്ഥിതി നിയന്ത്രണത്തിലാണ്,” സെമേരു ദേശീയോദ്യാനത്തിലെ സെപ്റ്റി വർധാനി റോയിട്ടേഴ്‌സിനോട് പറഞ്ഞു.കൂടുതൽ താമസക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാ ഏജൻസികൾ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ അഗ്നിപർവ്വത ശാസ്ത്ര ഏജൻസി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ, അഗ്നിപർവ്വതത്തിൻ്റെ ചരിവുകളെ മൂടുന്ന, കത്തുന്ന ചാരത്തിൻ്റെ കട്ടിയുള്ള മേഘങ്ങൾ ഗർത്തത്തിൽ നിന്ന് ഉയർന്നുവരുന്നത് വ്യക്തമായി കാണാം. സോഷ്യൽ മീഡിയയിൽ നിരവധി നെറ്റിസൺമാർ സ്ഫോടനത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോകൾ പങ്കുവെച്ചു.2021 ഡിസംബറിലാണ് സെമെരുവിൽ അവസാനമായി ഒരു വലിയ പൊട്ടിത്തെറി ഉണ്ടായത്. ആ സ്ഫോടനത്തിൽ കുറഞ്ഞത് 51 പേർ കൊല്ലപ്പെടുകയും സമീപ പ്രദേശങ്ങൾ പൂർണ്ണമായും ചാരത്തിൽ മുങ്ങുകയും ചെയ്തിരുന്നു. 3,676 മീറ്റർ (2.28 മൈൽ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് സെമെരു, ഇന്തോനേഷ്യയിലെ ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. “പസഫിക് റിംഗ് ഓഫ് ഫയർ” മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടെ ഇടയ്ക്കിടെ ഭൂകമ്പങ്ങളും സ്ഫോടനങ്ങളും ഉണ്ടാകുന്നത്.

