നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : രണ്ടു പേര്‍ കസ്റ്റഡിയില്‍

Spread the love

കോട്ടയം: കോട്ടയം നഗരത്തില്‍ ബസേലിയോസ് കോളജ് ജംക്ഷനു സമീപം നടുറോഡില്‍ അര്‍ധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.കടത്തിണ്ണകളില്‍ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ബിന്ദുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നില ഗുരുതരമാണ്.ജംക്ഷന് സമീപം കടത്തിണ്ണയില്‍ കിടക്കുകയായിരുന്നു ബിന്ദു. അംഗപരിമിതനായ എരുമേലി സ്വദേശി രാജു ഇവര്‍ക്ക് സമീപമിരുന്ന് ആഹാരം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ആദ്യം ഇയാളെ ആക്രമിക്കുകയായിരുന്നു. ഊന്നുവടി ഉപയോഗിച്ച് രാജു വെട്ടു തടഞ്ഞു. രക്ഷപ്പെടാനായി രാജു ഓടി. ഈ സമയം ബിന്ദുവിനെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് ബാബു കഴുത്തിന് വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു.രക്തം വാര്‍ന്നൊഴുകി റോഡില്‍ പതിനഞ്ചു മിനിറ്റോളം കിടന്ന ബിന്ദുവിനെ പൊലീസ് ആംബുലന്‍സ് വിളിച്ചുവരുത്തി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സമയം ബിന്ദുവിന്റെ തല താങ്ങി ഉയര്‍ത്താന്‍ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസിനെ അസഭ്യം പറയാനും ആക്രമിക്കാനും ശ്രമിച്ചു. ജനറല്‍ ആശുപത്രിയിലും ഇയാള്‍ എത്തി.ബാബുവാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞതോടെ ആശുപത്രിയില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വലിച്ചെറിഞ്ഞ വെട്ടു കത്തി പൊലീസ് കണ്ടെടുത്തു. എരുമേലി സ്വദേശി രാജുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജു വെട്ടിയെന്നാണ് പൊലീസിനോടു ബാബുവിന്റെ മൊഴി. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *