പുലിപ്പല്ല് കേസ്: വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും
ഇന്നലെ വനം വകുപ്പ് അറസ്റ്റു ചെയ്ത റാപ്പ് ഗായകൻ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ചതിനാണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയിട്ടുണ്ട്. ഹിൽപാലസ് പോലീസിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി തന്നെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു. അതേ സമയം കഞ്ചാവ് കേസിൽ വേടൻ ഉൾപ്പെടെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്ത ഒൻപതു പേർക്കും ഇന്നലെ രാത്രി സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.
പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽകിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് നിലവിൽ വനം വകുപ്പ്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനിൽ നിന്ന് കണ്ടെത്തിയത്.