നെല്ലിയാമ്പതി കാരപ്പാറപ്പുഴയിൽ മരത്തടി തടഞ്ഞ് പാലം തകർച്ചയിൽ
നെല്ലിയാമ്പതി: കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിൽ ഒഴുകിവന്ന മരത്തടി നടപ്പാലത്തിന് ഭീഷണിയാകുന്നു. നെല്ലിയാമ്പതി കാരപ്പാറപ്പുഴയിലെ ആറ്റുപാടിക്ക് സമീപമുള്ള നടപ്പാലമാണ് തകർച്ചഭീഷണി നേരിടുന്നത്. ശക്തമായ മഴയിൽ കുത്തിയൊലിച്ചുവന്ന വലിയ മരത്തടി പാലത്തിന്റെ തൂണിൽ തടഞ്ഞുനിൽക്കയാണ്. ശക്തമായി വന്നിടിച്ചതോടെ പാലത്തിന്റെ കരിങ്കൽത്തൂണിന്റെ കല്ലുകൾ ഇളകിയിട്ടുണ്ട്.ഓറിയന്റൽ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കാരപ്പാറ-നൂറടി പാതയിലേക്ക് എത്തുന്നതിനുള്ള നടവഴിയിലാണ് പാലമുള്ളത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മരത്തടികൾ ഇളകി പാലത്തിന്റെ തൂണിലേക്ക് അടിക്കുന്നത് തകർച്ചയ്ക്ക് ആക്കംകൂട്ടും. നടപ്പാലത്തിൽ തടഞ്ഞുനിൽക്കുന്ന മരത്തടിമാറ്റി പാലം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോട്ടംതൊഴിലാളികൾ ആവശ്യപ്പെട്ടു.