കാണാതായ സ്വര്‍ണമാലയ്ക്കു വേണ്ടിയുള്ള അന്വേഷണം എത്തിനിന്നത് വീട്ടില്‍ വളര്‍ത്തുന്ന പോത്തിന്റെ വയറ്റില്‍
കാണാതായ സ്വര്‍ണമാലയ്ക്കു വേണ്ടിയുള്ള അന്വേഷണം എത്തിനിന്നത് വീട്ടില്‍ വളര്‍ത്തുന്ന പോത്തിന്റെ വയറ്റില്‍. ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു. മഹാരാഷ്ട്രയിലെ വാഷിമില്‍ സപ്തംബര്‍ 28നാണ് സംഭവം. ഗീതാ ബായി ഭോയര്‍ എന്ന വീട്ടമ്മ രാത്രി കിടക്കുന്നതിനു മുമ്പ് താലിമാല ഊരി സമീപത്തിരുന്ന തളികയില്‍ വയ്ക്കുകയായിരുന്നു. ഇക്കര്യം ഓര്‍മിക്കാതെ രാവിലെ സോയാബീന്റെ തൊലികള്‍ ഇതേ പാത്രത്തില്‍ നിക്ഷേപിക്കുകയും പോത്തിന് തീറ്റയായി ഇത് ഇട്ടു കൊടുക്കുകയും ചെയ്തു.പിന്നീടാണ് താലിമാല കാണാതെ പോയ കാര്യം ഗീതാ ബായി അറിയുന്നത്. മാലയ്ക്കായി ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കാണാതെ വന്നതോടെയാണ് തളികയില്‍ മാല ഊരിവച്ച കാര്യവും ഇതില്‍ സോയാബീന്റെ തൊലികള്‍ ഇട്ട് പോത്തിന് കൊടുത്ത കാര്യവും ഓര്‍മിക്കുന്നത്.തുടര്‍ന്ന് വീട്ടുകാര്‍ വെറ്ററിനറി ഡോക്ടറെ സമീപിക്കുകയും വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് മെറ്റല്‍ഡിറ്റക്ടര്‍ പരിശോധന നടത്തിയപ്പോള്‍ പോത്തിന്റെ വയറ്റില്‍ മാലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി പോത്തിന്റെ വയറ്റില്‍ നിന്ന് മാല പുറത്തെടുത്തു. രണ്ടുമണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ പോത്ത് സുഖം പ്രാപിച്ചുവരികയാണ്.