ആന്ധ്രാപ്രദേശിലും ഒഡീഷയിലും നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും ഒഡീഷയിലും നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. ആന്ധ്രാപ്രദേശിൽ നാല് പേർ മരിച്ചതായി വിവരം. മോൻത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നു. ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായി ഐഎംഡി അറിയിച്ചു.ആന്ധ്രാപ്രദേശിന്റെ തീരപ്രദേശത്ത് രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി, ദുർബലമായി മാറിയെന്ന് പുലർച്ചെ 2:30 ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐഎംഡി അറിയിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി 12 തീരദേശ മണ്ഡലങ്ങളിലെ 65 ഗ്രാമങ്ങളിൽ നിന്ന് 10,000-ത്തിലധികം പേരെ ഒഴിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി കിഴക്കൻ തീരത്ത് ആഞ്ഞടിച്ച മോൻത ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്ത് ആഞ്ഞടിച്ചു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഒഡീഷയിലെ അതിർത്തിയോടടുത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായി. റോഡുകൾ തടസ്സപ്പെടുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ 38,000 ഹെക്ടറിൽ കൃഷി നാശവും റിപ്പോർട്ട് ചെയ്തു. 1.38 ലക്ഷം ഹെക്ടറിൽ തോട്ടക്കൃഷിയും നശിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, നർസാപൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറും, മച്ചിലിപട്ടണത്തിന് 50 കിലോമീറ്റർ വടക്കുകിഴക്കും, കാക്കിനടയിൽ നിന്ന് 90 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറും മാറിയാണ് കൊടുങ്കാറ്റിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.മച്ചിലിപട്ടണത്തും വിശാഖപട്ടണത്തും ഡോപ്ലർ റഡാറുകൾ വഴി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പശ്ചിമ ഗോദാവരി, കൃഷ്ണ, കിഴക്കൻ ഗോദാവരി ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

