ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും നിപ ഭീതി
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും നിപ ഭീതി ഉയരുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ മറ്റൊരാളും നിപ ലക്ഷണങ്ങളോടെ മരിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാൽ മാത്രമേ നിപ സ്ഥിരീകരിക്കാനാകൂ.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുംആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. ന്യുമോണിയയാകും മരണകാരണം എന്നായിരുന്നു നിഗമനം. എന്നാൽ ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്.ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടു.2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്. 2021 ൽ വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്തു. ഒരു മരണമാണ് അന്ന് റിപ്പോർട്ട് ചെയ്തത്.