ഒരു കപ്പ് കട്ടൻ കാപ്പിയിലേക്ക് മാറൂ; ഗുണങ്ങൾ ഒരുപാടുണ്ട്

Spread the love

കാപ്പി ആരോഗ്യകരമാക്കണമെങ്കിൽ അത് കുടിക്കുന്ന രീതി മാറ്റേണ്ടതുണ്ട്. 33 വർഷത്തിലേറെ ന്യൂറോ സയൻസിൽ പ്രവർത്തിച്ച പരിചയമുള്ള ഡോ. പ്രശാന്ത് കടക്കോൾ, കട്ടൻ കാപ്പിയുടെ പ്രാധാന്യം ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിച്ചിട്ടുണ്ട്. കാപ്പിയിൽ പഞ്ചസാരയോ പാലോ ചേർക്കുന്ന സാധാരണ രീതി അതിന്റെ സ്വാഭാവിക ആരോഗ്യ ഗുണങ്ങൾ കുറയ്ക്കുന്നുവെന്നാണ് ഡോക്ടറുടെ അഭിപ്രായം.”ആദ്യത്തെ കവിൾ കുടിക്കുന്നതിനു മുമ്പേ മിക്ക ആളുകളും കാപ്പിയുടെ ഗുണം ഇല്ലാതാക്കുന്നു. ഒറ്റ കാരണം മാത്രം: നമ്മൾ ഇത് കട്ടനായി കുടിക്കുന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെയുള്ള എന്റെ ചികിത്സാ പരിചയം എന്നെ പഠിപ്പിച്ചത് ഇതാണ്. ചെറിയ ദൈനംദിന ശീലങ്ങൾ ആരോഗ്യകരമായ ഭാവിക്കുള്ള വഴി തുറക്കും,” അദ്ദേഹം പറയുന്നു.*കട്ടൻ കാപ്പിയുടെ ഗുണങ്ങൾ…*കരളിന്റെ ദീർഘകാല ആരോഗ്യം നിലനിർത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും കട്ടൻ കാപ്പി സഹായിക്കുമെന്ന് ഡോ. കടക്കോൾ വിശദീകരിച്ചിട്ടുണ്ട്. “ഒരൊറ്റ കപ്പ് കട്ടൻ കാപ്പിയിൽ 1000-ലധികം ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ പലതും കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.”കാപ്പി തയ്യാറാക്കുന്ന രീതിക്ക് അതിന്റെ പോഷക ഗുണങ്ങളെ മെച്ചപ്പെടുത്താനോ നശിപ്പിക്കാനോ കഴിയും. “നിങ്ങൾ പാലും പഞ്ചസാരയും ചേർക്കുന്ന നിമിഷം, അതിന്റെ ഗുണകരമായ ഫലങ്ങളിൽ ഭൂരിഭാഗവും ഇല്ലാതാകുന്നുവെന്ന് ന്യൂറോസർജൻ വ്യക്തമാക്കി. ദിവസവും 2-3 കപ്പ് കട്ടൻ കാപ്പി കുടിക്കുന്നവരിൽ കരൾ വീക്കം, ഫാറ്റി ലിവർ, കരൾ ഫൈബ്രോസിസ് എന്നിവ കുറവാണെന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായും അദ്ദേഹം വെളിപ്പെടുത്തി.*കട്ടൻ കാപ്പിയിലേക്ക് എങ്ങനെ മാറാം…?*കട്ടൻ കാപ്പിയിലേക്ക് മാറാനുള്ള പ്രക്രിയ ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. ഘട്ടം ഘട്ടമായി ഇത് ശീലമാക്കാം. ഇപ്പോൾ കാപ്പി കുടിക്കുന്ന ആളാണെങ്കിൽ, തുടക്കത്തിൽ ഒരു കപ്പ് കട്ടൻ കാപ്പിയിലേക്ക് മാറുക. ചെറിയ അളവിൽ കുടിച്ചു തുടങ്ങുക. ആദ്യമൊക്കെ രുചി അൽപ്പം കടുപ്പമായി തോന്നാമെങ്കിലും, ശരീരവും നാവും അതിനോട് പൊരുത്തപ്പെടുകയും ക്രമേണ ശീലമാവുകയും ചെയ്യും.ഈ ചെറിയ മാറ്റം വഴി, കരളിന്റെ മികച്ച പ്രവർത്തനം മുതൽ വീക്കം കുറയ്ക്കുന്നത് വരെയുള്ള ദീർഘകാല ആരോഗ്യ ഗുണങ്ങൾ ലഭിക്കും. ദൈനംദിന ശീലങ്ങൾ എത്രത്തോളം പ്രധാനമാണെന്നും അവ എങ്ങനെ നമ്മുടെ ദീർഘകാല ക്ഷേമത്തെ സ്വാധീനിക്കുന്നുവെന്നും ഇത് തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *