ഗാസയിൽ അടിയന്തര ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേൽ
ജെറുസലേം: ഗാസയിൽ അടിയന്തര ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു ഉത്തരവിട്ടത്. പ്രതിരോധ സൈനിക മേധാവികളുമായുള്ള യോഗത്തിന് ശേഷമായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം.ബന്ദിയുടെ മൃതദേഹമെന്ന പേരിൽ, രണ്ട് വർഷം മുൻപ് കൈമാറിയ മൃതദേഹത്തിന്‍റെ ബാക്കി ഭാഗമാണ് ഹമാസ് കൈമാറിയത് എന്ന് ഇസ്രായേൽ പറയുന്നത്. ഇത്തരത്തിൽ ഹമാസ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മൃതദേഹങ്ങൾ കൈമാറുന്നു എന്നാണ് ആരോപണം. എന്നാൽഇസ്രായേലിന്റെ ആരോപണം ഹമാസ് നിഷേധിച്ചിരുന്നു. ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം 125 തവണ ഇസ്രായേൽ കരാർ ലംഘിച്ചതായി പലസ്തീൻ ഭരണകൂടം പറഞ്ഞു.ഗാസയിലെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ച്, കാണാതായ ബന്ദിയുടെ മൃതദേഹം കൈമാറാനുള്ള പദ്ധതി മാറ്റിവയ്ക്കുന്നതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സ് പ്രഖ്യാപിച്ചു. ഇസ്രായേലി ആക്രമണങ്ങൾ വീണ്ടും ഉണ്ടായാൽ അത് തങ്ങളുടെ തിരച്ചിലും വീണ്ടെടുക്കൽ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുമെന്നും ഇസ്രായേലി സൈനികരുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നത് കൂടുതൽ വൈകിപ്പിക്കുമെന്നും ടെലിഗ്രാമിലെ ഒരു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

