ഇന്ന് യുഡിഎസ്എഫിന്റെ വ്യാപക വിദ്യാഭ്യാസ ബന്ദ്; പൊതുപരീക്ഷകളെ ഒഴിവാക്കി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് .കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർഥിസംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് നേതാക്കൾ അറിയിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.പി എം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് സമരം യുഡിഎസ്എഫിന്റെ പേരിൽ നടത്താൻ തീരുമാനിച്ചത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. പിന്നാലെ ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം കെഎസ്‌യുവും എംഎസ്എഫും മന്ത്രിയുടെ ഓഫീസിലേക്ക് വെവ്വേറെ മാർച്ച്നടത്തിയിരുന്നു.അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും. യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കുമെന്നാണ് സൂചന. രാവിലെ ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിപിഐ തീരുമാനമെടുക്കുക . 2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്. തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ആകെ ഉലച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് നിലവിലെ വിവരം.

