രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്നും ഇന്ന് പടിയിറങ്ങും

Spread the love

ലോക്സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിൽ ഔദ്യോഗിക വസതിയിൽ നിന്നും രാഹുൽ ഗാന്ധി ഇന്ന് പടിയിറങ്ങും. ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈനിൽ നിന്നാണ് രാഹുൽ ഗാന്ധി ഒഴിയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം തന്നെ വീട്ടിലെ സാധനങ്ങൾ പൂർണ്ണമായും മാറ്റിയിരുന്നു. രണ്ട് പതിറ്റാണ്ടുകളായി രാഹുൽ താമസിച്ചിരുന്ന വസതിയാണ് 12 തുഗ്ലക് ലൈൻ.അയോഗ്യത നേരിട്ട സാഹചര്യത്തിൽ വസതി ഒഴിയണമെന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിന് നൽകിയ നിർദ്ദേശം. അതിനാൽ, 12 തുഗ്ലക് ലൈനിന്റെ താക്കോൽ ഇന്ന് തന്നെ കൈമാറും. കെ.സി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും രാഹുലിനെ സന്ദർശിക്കും. അമ്മ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലേക്കാണ് രാഹുൽ ഗാന്ധി സാധനങ്ങൾ മാറ്റിയിരിക്കുന്നത്. ഇനി അമ്മക്കൊപ്പമാണ് രാഹുൽ ഗാന്ധി താമസിക്കുക.2004- ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ രാഹുലിന് ലഭിച്ചത്. എന്നാൽ, മാർച്ച് 23-ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഒരു മാസത്തിനകം വസതി ഒഴിയാൻ നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *