‘തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും’; ന്യായീകരിച്ചുകൊണ്ട് വീഡിയോയുമായി എം എസ് സൊല്യൂഷൻസ് സിഇഒ
എം എസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർച്ച കേസിൽ ന്യായീകരണവുമായി കമ്പനി സിഇഒ മുഹമ്മദ് ഷുഹൈബ്. പുതിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ന്യായീകരണങ്ങൾ ഇയാൾ നിരത്തിയിരിക്കുന്നത്. മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തത്. തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ഇതൊരു സ്വാഭാവിക നടപടിയാണ്. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതിയെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.
മൂന്ന് മാസത്തിന് ശേഷമാണ് ഷുഹൈബ് വീണ്ടും വീഡിയോ ചെയ്യുന്നത്. ചോദ്യപേപ്പർ ചോർച്ച കേസിൽ ജാമ്യം കിട്ടിയതിനു പിറകെയാണ് പുതിയ വീഡിയോ ചെയ്തിട്ടുള്ളത്.
എസ് എസ്എല്‍സി, പ്ലസ് വണ്‍ ചോദ്യാപേപ്പര്‍ ആണ് ചോർന്നത്. പ്രാഥമികമായുള്ള അന്വേഷണത്തിൽ ആരോപണ വിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എം എസ് സൊല്യൂഷൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പുൾപ്പെടെയുള്ള ഏഴ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.