പാൻക്രിയാസ് ശരിയായി പ്രവർത്തിക്കുന്നില്ലേ? ഈ ലക്ഷണങ്ങൾ അതിന്റെ സൂചനയാണ്
ദഹനത്തിനും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രധാന പങ്കു വഹിക്കുന്ന അവയവമാണ് പാൻക്രിയാസ്. ഭക്ഷണത്തെയും ഇൻസുലിൻ, ഗ്ലൂക്കഗോൺ തുടങ്ങിയ ഹോർമോണുകളെയും വിഘടിപ്പിക്കുന്ന എൻസൈമുകളെ ഉൽപാദിപ്പിക്കുകയും ഊർജം നിലനിർത്തുകയും ചെയ്യുന്നത് പാൻക്രിയാസ് ആണ്. പാൻക്രിയാസ് ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ അത് പാൻക്രിയാറ്റൈറ്റിസ് പ്രമേഹമാകും. വിട്ടുമാറാത്ത വയറുവേദന, ഓക്കാനം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്. നേരത്തെ തന്നെ ഈ ലക്ഷണങ്ങളെ തിരിച്ചറിയുന്നത് കൃത്യസമയത്ത് വൈദ്യപരിശോധന നടത്താനും ദീർഘകാലത്തേക്ക് സങ്കീർണതകൾ ഒഴിവാക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.*പാൻക്രിയാസിൻ്റെ പ്രവർത്തനങ്ങൾ*വയറിനു പുറകിലായി സ്‌ഥിതി ചെയ്യുന്ന പാൻക്രിയാസ് പ്രധാനമായും ദഹനവുമായും അന്തഃസ്രാവി വ്യവസ്‌ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പിനെയും അന്നജത്തെയും പ്രോട്ടീനെയും വിഘടിപ്പിക്കാൻ സഹായിക്കാനായി ചെറുകുടലിലേക്ക് ഡൈജസ്‌റ്റീവ് എൻസൈമുകളെ പാൻക്രിയാസ് പുറന്തള്ളുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നീ ഹോർമോണുകളെ പാൻക്രിയാസ് ഉൽപാദിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങളിലേതെങ്കിലും തടസ്സപ്പെട്ടാൽ അത് ശരീരമാകെ വ്യാപിക്കുകയും ഊർജനില, ദഹനം, മൊത്തത്തിലുള്ള ആരോഗ്യം ഇവയെ ബാധിക്കുകയും ചെയ്യും. പാൻക്രിയാസിന് തകരാറുണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങളെ അറിയാം.*പുറത്തേക്കു നീളുന്ന തുടർച്ചയായ വയറുവേദന* സ്‌ഥിരമായുണ്ടാകുന്ന കടുത്ത വയറുവേദന പാൻക്രിയാസിന്റെ പ്രവർത്തനത്തകരാറിൻ്റെ വളരെ സാധാരണമായ ലക്ഷണങ്ങളിലൊന്നാണ്. വയറിൻ്റെ മുകൾഭാഗത്താകും വേദന കൂടുതലായും വരുക. ഭക്ഷണം കഴിച്ച ശേഷമോ എന്തെങ്കിലും കുടിച്ച ശേഷമോ പ്രത്യേകിച്ച് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിച്ചശേഷം, വേദന കൂടും. ഇത് പുറത്തേക്കും നീളും. പാൻക്രിയാറ്റൈറ്റിസിൻ്റെ പ്രധാന ലക്ഷണമാണിത്. പാൻക്രിയാസിനുണ്ടാകുന്ന ഇൻഫ്ലമേഷൻ അഥവാ വീക്കമാണ് പാൻക്രിയാറ്റൈറ്റിസ്. ചികിത്സിച്ചില്ലെങ്കിൽ അക്യൂട്ട് ഇൻഫ്ലമേഷൻ വിട്ടുമാറാത്തതും ദീർഘകാലക്ഷതങ്ങൾ ഉണ്ടാക്കുന്നതുമാകും. ഭക്ഷണം കഴിച്ചശേഷം തുടർച്ചയായി ഉണ്ടാകുന്ന വയറുവേദന അവഗണിക്കരുത്. ഇത് ഗുരുതരമായ പാൻക്രിയാസിന്റെ രോഗാവസ്ഥമൂലമാകാം. വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.*അകാരണമായി ശരീര ഭാരം കുറയുക*പ്രവർത്തനത്തകരാർ മൂലം പാൻക്രിയാസിന് ദഹനത്തിനാവശ്യമായ എൻസൈമുകളെ ഉൽപാദിപ്പിക്കാൻ സാധിക്കാതെ വരും. ഇതു മൂലം ആവശ്യത്തിന് പോഷകങ്ങളെ ആഗിരണം ചെയ്യാൻ ശരീരത്തിന് സാധിക്കാതെ വരും. ഇത് അകാരണമായി ശരീരഭാരം കുറയുന്നതിലേക്കും വയറിളക്കം, വഴുവഴുപ്പും ദുർഗന്ധവും ഉള്ള മലം (steatorrhoea) പോകാനും ഇടയാക്കും. ശരീരം കൊഴുപ്പിനെ ശരിയായി ദഹിപ്പിക്കുന്നില്ല എന്നതിൻ്റെ ലക്ഷണമാണിത്. പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതെ വരുമ്പോൾ ക്രമേണ അത് കടുത്ത ക്ഷീണം, ബലക്കുറവ്, വൈറ്റമിനുകളുടെ അഭാവം ഇവയിലേക്ക് നയിക്കും. പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ ശരീരഭാരം കുറയുക, മലത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയെല്ലാം പാൻക്രിയാസിന് ദഹനം ശരിയായി നടത്താൻ സാധിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്.*ഓക്കാനം, ഛർദി, ദഹനപ്രശ്‌നങ്ങൾ* വിട്ടുമാറാത്ത ഓക്കാനം, വയറു കമ്പിക്കൽ, ഛർദി ഇവ പാൻക്രിയാസിൻ്റെ പ്രവർത്തനത്തകരാറിൻ്റെ സൂചനയാണ്. ദഹനത്തിന് പാൻക്രിയാസ് പ്രധാനപങ്കുവഹിക്കുന്നതിനാൽ പാൻക്രിയാസിൻ്റെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനത്തകരാറ് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയോ സാവധാനത്തിലാക്കുകയോ ചെയ്യും. കുറച്ചു ഭക്ഷണം മാത്രം കുഴിച്ചാൽ തന്നെ വയറു നിറഞ്ഞ തോന്നൽ ഉണ്ടാകുകയും വയറിന് കനം തോന്നുകയും ചെയ്യും. ഈ ലക്ഷണങ്ങൾ പലപ്പോഴും ഗ്യാസ്ട്രൈറ്റിസോ ആസിഡ് റിഫ്ലക്സോ ആയി തെറ്റിദ്ധരിക്കും. ഇത് ശരിയായ രോഗനിർണയവും ചികിത്സയും വൈകിപ്പിക്കും. തുടർച്ചയായി ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇതോടൊപ്പം ശരീരഭാരം കുറയുകയും നടേവദന അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ പാൻക്രിയാസിൻ്റെ തകരാറുകൾ തിരിച്ചറിയാൻ വൈദ്യപരിശോധന നടത്തണം.രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം, ക്ഷീണം പാൻക്രിയാസിന് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരും. ഇത് തുടർച്ചയായ ക്ഷീണം, ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, പെട്ടെന്ന് ഊർജം കുറയുക എന്നിവയ്ക്ക് കാരണമാകും. കാലക്രമേണ പാൻക്രിയാസിന്റെ പ്രവർത്തനത്തകരാറ് പ്രമേഹത്തിലേക്ക് നയിക്കും. പാൻക്രിയാസിനെ ബാധിക്കുന്ന രോഗങ്ങൾ ഇൻസുലിൻ ഉൽപാദനത്തകരാറിനും അതുവഴി രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞും നിൽക്കാനും കാരണമാകുമെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്‌നി ഡിസീസസ് പറയുന്നു. ഗ്ലൂക്കോസിൻ്റെ അളവ് പരിശോധിക്കുന്നതിലൂടെയും ഈ പ്രാരംഭലക്ഷണങ്ങളെ തിരിച്ചറിയുന്നതിലൂടെയും ദീർഘകാലത്തേക്ക് മെറ്റബോളിക് സങ്കീർണതകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.*മഞ്ഞപ്പിത്തം*ചർമത്തിനും കണ്ണുകൾക്കും പെട്ടെന്ന് മഞ്ഞനിറം വരുന്നത് (jaundice) പാൻക്രിയാസിന് ഉണ്ടായ തടസ്സങ്ങളുടെ സൂചനയാണ്. ഗുരുതരമായ പാൻക്രിയാറ്റിക് കാൻസർ ഉണ്ടെങ്കിലും ഇങ്ങനെ വരാം. പാൻക്രിയാസിന്റെ്റെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ രക്‌തത്തിൽ, മഞ്ഞനിറത്തിലുള്ള പിമെൻ്റ് ആയ ബിലിറൂബിൻ രക്‌തത്തിൽ അടിഞ്ഞുകൂടും. മഞ്ഞപ്പിത്തത്തിനൊപ്പം ഇരുണ്ടനിറത്തിലുള്ള മൂത്രം, മലത്തിന് നിറവ്യത്യാസം, ചർമത്തിൽ ചൊറിച്ചിൽ ഇവയും ഉണ്ടാകുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണം. മഞ്ഞപ്പിത്തം, കരളിൽ നിന്ന് കുടലിലേക്ക് പിത്തരസത്തിന്റെ പ്രവാഹം തടസ്സപ്പെട്ടതിൻ്റെ സൂചനയാണ്. ഇത് ട്യൂമർ മൂലമോ പാൻക്രിയാസിലെ ഇൻഫ്ലമേഷൻ മൂലമോ ആവാം. ഇത് അവഗണിക്കരുത്. പാൻക്രിയാസിന് തകരാറുകൾ വരാൻ ഉള്ള കാരണങ്ങൾ.*അമിത മദ്യപാനം*ദീർഘകാലമായുള്ള മദ്യപാനം പാൻക്രിയാസിന് അസ്വസ്‌ഥതയും വീക്കവും ഉണ്ടാക്കുകയും ഇത് അക്യൂട്ട് അഥവാ ക്രോണിക് ചാൻക്രിയാറ്റൈറ്റിസിലേക്ക് നയിക്കുകയും ചെയ്യും.*ട്രൈഗ്രിസറൈഡിൻ്റെ കൂടിയ അളവ്*രക്തത്തിലെ അമിതകൊഴുപ്പ് ഇൻഫ്ലമേഷനും പാൻക്രിയാസിന്റെ തകരാറുകൾക്കും കാരണമാകും.*പുകവലി*പുകവലി പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂട്ടും. പാൻക്രിയാസിന്റെ്റെ പ്രവർത്തനം ദുർബലമാകാനും ഇത് കാരണമാകും.*ജനിതക ഘടകങ്ങൾ*പാൻക്രിയാറ്റൈറ്റിസ്, സിസ്‌റ്റിക് ഫൈബ്രോസിസ്, മറ്റ് പാൻക്രിയാറ്റിക് രോഗങ്ങൾ ഇവ കുടുംബത്തിലാർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്.*വൈറൽ അണുബാധകൾ*ചില വൈറസ് രോഗങ്ങൾ പാൻക്രിയാസിൻ്റെ പ്രവർത്തനം തകരാറിലാക്കും.*മരുന്നുകൾ, വിഷ പദാർത്ഥങ്ങൾ*ചില മരുന്നുകളും പരിസ്‌ഥിതിയിലെ ചില വിഷപദാർഥങ്ങളും എൻസൈമുകളുടെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും പാൻക്രിയാസിലെ കലകൾക്ക് (tissues) വീക്കം ഉണ്ടാക്കുകയും*തെറ്റായ ഭക്ഷണശീലങ്ങൾ*പ്രോസസ് ചെയ്തതും കൊഴുപ്പും പഞ്ചസാരയും ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പാൻക്രിയാസിന് അമിതജോലിഭാരം ഉണ്ടാക്കുകയും ഇൻസുലിൻ നിയന്ത്രണം തകരാറിലാവുകയും ചെയ്യു.*പാൻക്രിയാസിൻ്റെ ആരോഗ്യത്തിനായി ചില നുറുങ്ങുകൾ**മദ്യപാനം നിയന്ത്രിക്കാം*മദ്യപാനം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് പാൻക്രിയാസിന് ഇൻഫ്ലമേഷൻ ഉണ്ടാകാതെ തടയും..*പുകവലി ഒഴിവാക്കാം*പുകവലി ഒഴിവാക്കുന്നത് പാൻക്രിയാറ്റിക് കാൻസർ സാധ്യതയും ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കു*സമീകൃത ഭക്ഷണം ശീലമാക്കാം*മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് സഹായകമാകും.*കൊഴുപ്പു കൂടിയ ഭക്ഷണം ഒഴിവാക്കാം* വറുത്തതും പ്രോസസ് ചെയ്‌തതും മധുരം കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് പാൻക്രിയാസിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.*വെള്ളം കുടിക്കാം* എൻസൈമുകളുടെ പ്രവർത്തനത്തിനും വിഷാംശങ്ങളെ ശരീരത്തിൽ നിന്ന് പുറന്തള്ളാനും ദിവസവും ധാരാളം വെള്ളം കുടിക്കാം.*പതിവാക്കാം വ്യായാമം* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാനും വ്യായാമം ശീലമാക്കാം.*ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം* അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇൻഫ്ലമേഷനുള്ള സാധ്യത കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിലൂടെ സാധിക്കും.*കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും പരിശോധിക്കാം* കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും പതിവായി പരിശോധിക്കുന്നതിലൂടെ അപകട സാധ്യതാ ഘടകങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും സാധിക്കും.*രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം* പ്രമേഹരോഗമുണ്ടെങ്കിലോ പ്രീഡയബറ്റിക് ആണെങ്കിലോ ഗ്ലൂക്കോസിൻ്റെ അളവ് ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും നിയന്ത്രിച്ചു നിർത്താം.*വൈദ്യപരിശോധന പതിവാക്കാം* വൈദ്യപരിശോധന നടത്തുന്നത് പാൻക്രിയാസിന്റെ പ്രശ്നനങ്ങളോ ദഹനപ്രശ്‌നങ്ങളോ നേരത്തെ തിരിച്ചറിയാനും സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും.

