ശബരിമലയില്‍ ശര്‍ക്കരയുടെ ക്ഷാമം : അരവണ നല്‍കുന്നതില്‍ നിയന്ത്രണം

Spread the love

ശബരിമല: ശബരിമലയില്‍ ശര്‍ക്കരയുടെ ക്ഷാമംമൂലം ശനിയാഴ്ച രാവിലെ അരവണ ഉത്പാദനം മുടങ്ങി. തുടര്‍ന്ന്, ഭക്തര്‍ക്ക് അരവണ നല്‍കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് കൗണ്ടറില്‍നിന്ന് അഞ്ച് ടിന്‍ അരവണ മാത്രമേ നല്‍കുന്നുള്ളൂ.മണ്ഡലപൂജ നടക്കുന്ന 27 വരെ നല്‍കാനുള്ള അപ്പത്തിന്റെയും അരവണയുടെയും ഉത്പാദനം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ശര്‍ക്കരയുടെ ദൗര്‍ലഭ്യമാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുലക്ഷത്തി എഴുപതിനായിരം ടിന്‍ അരവണയാണ് ദിനംപ്രതി തയ്യാറാക്കിയിരുന്നത്.മകരവിളക്കുകാലത്തേക്ക് അരവണ സംഭരിക്കുന്നതിനായി മണ്ഡലപൂജയ്ക്ക് നടയടയ്ക്കുമ്പോള്‍ കൂടുതല്‍ നിര്‍മിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചിരുന്നു.കൂടുതല്‍ ശര്‍ക്കരയെത്തിക്കാന്‍ കരാറുകാരനോട് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ്, അധികം ശര്‍ക്കര ശേഖരിക്കുന്നതിനായി ടെന്‍ഡറും വിളിച്ചു. വരുംദിവസങ്ങളില്‍ ഭക്തരുടെ തിരക്കുകൂടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അരവണയുടെ കരുതല്‍ശേഖരം കൂട്ടേണ്ടതുണ്ട്.ദിനംപ്രതി നാലുലോഡ് ശര്‍ക്കരയാണ് ഇപ്പോള്‍ എത്തിക്കുന്നത്. ഏകദേശം മൂന്നേകാല്‍ ലക്ഷം ടിന്‍ അരവണയാണ് പ്രതിദിനം ഭക്തര്‍ക്ക് നല്‍കുന്നത്. ഉടന്‍ കൂടുതല്‍ ശര്‍ക്കര എത്തിച്ച് ആവശ്യത്തിനുള്ള അരവണ തയ്യാറാക്കിത്തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *