വർധനക്കൊപ്പം കുടിശ്ശികയും: ക്ഷേമ പെൻഷൻ വിതരണം തുടങ്ങി
തിരുവനന്തപുരം: പുതുക്കിയ നിരക്കിലെ ഒരു ഗഡുവും നേരത്തേയുണ്ടായിരുന്നതിലെ ഒരു മാസത്തെ കുടിശ്ശികയും ചേർത്തുള്ള 3600 രൂപ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 1600 രൂപയായിരുന്ന പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് നവംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടൊപ്പം അഞ്ച് മാസത്തെ കുടിശികയിൽ ശേഷിക്കുന്ന ഒരു ഗഡു 1600 രൂപയും ഈ മാസം വിതരണം ചെയ്യുന്നതോടെയാണ് 3600 രൂപ വീതം ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നത്. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടിയും ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടിയുമാണ് അനുവദിച്ചത്. 2023-24 സാമ്പത്തിക വർഷം സംസ്ഥാനം നേരിടേണ്ടിവന്ന സാമ്പത്തിക ഞെരുക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചുമാസം കുടിശ്ശികയായത്. 2026 മാർച്ചിന് മുമ്പ് വിവിധ ഘട്ടങ്ങളിലായി കുടിശിക തീർപ്പാക്കുമെന്ന് 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷം ഇതിൽ രണ്ടു ഗഡു കുടിശ്ശിക തീർപ്പാക്കി. 2025-26 സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ ശേഷിക്കുന്ന രണ്ട് ഗഡു നൽകി. 62 ലക്ഷത്തോളം പേരാണ് ഗുണഭോക്താക്കൾ. ക്ഷേമ പെൻഷനിൽ 400 രൂപ വർധന വരുത്തിയ ഇനത്തിൽ പ്രതിമാസം 1050 കോടിയോളം രൂപയാണ് അധിക ബാധ്യത. പ്രതിവര്‍ഷം 13,000 കോടിയോളം രൂപ ഇതിനായി വകയിരുത്തണം.

