വിദ്യാര്‍ഥിനിയെ സ്റ്റോപ്പിലിറക്കിയില്ല; ബസ് ജീവനക്കാര്‍ക്കെതിരേ പരാതി
കണ്ണൂർ : ഇരിട്ടി ▸ പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്റ്റോപ്പിലിറക്കാത്ത ബസ് ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കി. ഇരിട്ടി -ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമല്‍ ബസിലെ ജീവനക്കാര്‍ക്കെതിരേ ഇരിട്ടി ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം വൈകുന്നേരം 5:15 ഓടെ ഇരിട്ടിയില്‍ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകാനായി പെണ്‍ക്കുട്ടി വിമല്‍ ബസില്‍ കയറിയത്. ബസില്‍ നല്ല തിരക്ക് ഉണ്ടായിരുന്നതായും പെരുമ്ബറമ്പ് സ്കൂളിന് സമീപത്തെ സ്റ്റോപ്പില്‍ ഇറങ്ങാൻ ശ്രമിക്കുമ്പോഴേയ്ക്കും ബസ് പോവുകയായിരുന്നു. ഇതിനിടെ ബസ് നിര്‍ത്താൻ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ യാത്രക്കാരുടെ മുന്നില്‍വച്ച് മോശമായി സംസാരിച്ചു. തുടര്‍ന്ന് ആളുകള്‍ ഇല്ലാത്ത വിജനമായ സ്ഥലത്ത് ബസില്‍ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.മൂന്ന് സ്റ്റോപ്പുകള്‍ അപ്പുറം ഇറങ്ങി സമീപത്തെ ഒരു കടയില്‍ നിന്നും വീട്ടിലേക്ക് ഫോണ്‍ വിളിച്ച് തിരിച്ച് വീട്ടിലെത്തുകയാണ് ഉണ്ടായതെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. വീട്ടിലെത്തി രാത്രി തന്നെയാണ് ഇരിട്ടി പോലീസില്‍ പരാതി നല്‍കുന്നത്. ഇന്നലെ രാവിലെ ഇരിട്ടി ജോയിന്‍റ് ആര്‍ടിഒക്കും പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ പരാതി നല്‍കുമെന്ന് പിടിഎ ഭാരവാഹികളും പറഞ്ഞു.