‘കാര്‍ ബോംബ് വെച്ച് തകര്‍ക്കും’: സല്‍മാൻ ഖാന് വീണ്ടും വധഭീഷണി
ബോളിവുഡ് താരം സല്‍മാൻ ഖാന് വീണ്ടും വധഭീഷണി. വര്‍ലിയിലെ മുംബെ ട്രാൻസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെൻ്റിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സല്‍മാൻ്റെ വീട്ടില്‍ക്കയറി കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നടക്കമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. വാട്ട്സ്ആപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഭിഷണിക്ക് പിന്നില്‍ ലോറൻസ് ബിഷ്ണോയി സംഘം ആണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
സംഭവത്തില്‍ വർളി പൊലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351 (2) (3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ട് സൽമാൻ ഖാന് ഒന്നിലധികം വധഭീഷണികൾ ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നായിരുന്നു.
കൊലപാതകശ്രമവും പിടിച്ചുപറിയും ഉൾപ്പെടെയുള്ള കേസുകളിൽ ലോറൻസ് ബിഷ്‌ണോയി അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ സല്‍മാൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ സൽമാൻ ഖാൻ്റെ ബാന്ദ്ര ഫ്ലാറ്റിൻ്റെ ബാൽക്കണിക്ക് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനൽ അടുത്തിടെ സ്ഥാപിച്ചിരുന്നു.
വീടിന് പുറത്ത് വെടിവെപ്പുണ്ടായതിനെ തുടർന്ന് സൽമാൻ ഖാൻ്റെ സുരക്ഷയും ശക്തമാക്കിയിരുന്നു. ബാബ സിദ്ദിഖിനെ ലോറൻസ് ബിഷ്ണോയി സംഘം വെടിവെച്ച് കൊന്നതിന് ശേഷമാണ് തുടര്‍ച്ചയായി സല്‍മാന് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്.